യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധി; ജര്‍മനി കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു: ആസ്ട്രിയ

വിയന്ന: മാസാരംഭം മുതല്‍ വന്‍തോതില്‍ അഭയാര്‍ഥികളെ ജര്‍മനി തിരിച്ചയക്കുന്നതായി ആസ്ട്രിയന്‍ പോലിസ്. പലര്‍ക്കും ശരിയായ രേഖകളില്ലെന്നും ബാക്കിയുള്ളവര്‍ ജര്‍മനി പോലെയുള്ള പ്രധാന രാജ്യങ്ങളിലല്ലാതെ അഭയാര്‍ഥിത്വം ലഭിക്കുന്നതിന് അപേക്ഷ നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും പോലിസ് വ്യക്തമാക്കി.
പുതുവല്‍സരത്തലേന്ന് ജര്‍മന്‍ നഗരമായ കൊളോണില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നു കുടിയേറ്റ നയം പുനപ്പരിശോധിക്കാന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കലിനു മേല്‍ സമ്മര്‍ദ്ദം ശക്തമാണ്. അതേസമയം, മടക്കി അയച്ചവരില്‍ സിറിയക്കാരില്ലെന്നും അഫ്ഗാന്‍, മൊറോക്കൊ, അല്‍ജീരിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്നും ആസ്ട്രിയന്‍ പോലിസ് വ്യക്തമാക്കി. ഡിസംബറില്‍ 60 പേരെയാണ് ജര്‍മനി മടക്കി അയച്ചതെങ്കില്‍ പുതുവര്‍ഷം മുതല്‍ 200 പേരെയാണ് ജര്‍മനി മടക്കി അയക്കുന്നതെന്നു പോലിസ് വക്താവ് ഡേവിഡ് ഫര്‍ട്ട്‌നര്‍ വ്യക്തമാക്കി. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് സ്വീഡന്‍ അഭയാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it