malappuram local

യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നാളെ തിരൂരില്‍

തിരൂര്‍: പോപുലര്‍ ഫ്രണ്ട് ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ നാളെ 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യത്തില്‍ തിരൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കും. വൈകീട്ട് 4:30ന് തിരൂര്‍ റിങ് റോഡില്‍ നിന്ന് ആരംഭിക്കുന്ന വോളന്റിയര്‍ പരേഡും ബഹുജന റാലിയും മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കും. പൊതുസമ്മേളനം ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. അഡ്വ: റഫീഖ് കുറ്റിക്കാട്ടൂര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങില്‍ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ സംസാരിക്കും. നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇതിന് ശക്തമായ ജനപിന്തുണയും ലഭിക്കുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പതിമൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന മഹാസമ്മേളനങ്ങളുടെ വന്‍വിജയം ഇതിന്റെ തെളിവാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യാടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഭരണത്തിന്റെ തണലില്‍ സംഘപരിവാരശക്തികള്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്.
വടയമ്പാടി ജാതിമതിലിനെതിരേ ശബ്ദമുയര്‍ത്തിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന ആശയവും പ്രവര്‍ത്തന രീതിയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക സംഘടനകള്‍ ഒന്നായി 2007 ലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സാമൂഹിക പ്രസ്ഥാനമായി മാറിയത്. വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ് സംഘാടകര്‍ പറഞ്ഞു.
കേരളത്തില്‍ തിരൂരിന് പുറമെ കാസര്‍കോഡ്, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലും മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജന. കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ്, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ, കെ മുഹമ്മദ് ബഷീര്‍, പി വി അബൂ സ്വാലിഹ്, കെ പി അഷ്‌റഫ് പങ്കെടുത്തു.





Next Story

RELATED STORIES

Share it