Alappuzha local

യൂനിഫോം : 13,358 വിദ്യാര്‍ഥികള്‍ക്കായി 41,000 മീറ്റര്‍ കൈത്തറിത്തുണി



ആലപ്പുഴ: ജില്ലയിലെ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ 13,358 വിദ്യാര്‍ഥികള്‍ക്കായി 41,000 മീറ്റര്‍ കൈത്തറി യൂനിഫോം വിതരണം ചെയ്യുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു. ജില്ലയിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളുടെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി യൂനിഫോം തുണി വിതരണം 25നകം പൂര്‍ത്തിയാക്കും. ആറു മുതല്‍  എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിനുള്ള തുകയായി 400 രൂപ വീതം വിതരണം ചെയ്യും, സര്‍വ്വശിക്ഷ അഭിയാനും സര്‍ക്കാരും ചേര്‍ന്നാണ് ഈ തുക നല്കുന്നത്.വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന വര്‍ഷമാണ് ഇത്തവണത്തേതെന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച ജി വേണുഗോപാല്‍ വ്യക്തമാക്കി. വിവര സാങ്കേതികതയുടെ സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് തുടക്കം കുറിച്ചത് ആലപ്പുഴയിലാണ്. യുപി, ഹൈസ്‌കുള്‍, എച്ച്എസ്എസ് തലത്തില്‍ 30 സ്‌കൂളുകള്‍ ആലപ്പുഴയില്‍ നൂതന സാങ്കേതികതയില്‍ അധിഷ്ഠിതമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളെ വിവര സാങ്കേതികതയുടെ സഹായത്തോടെ രൂപൂകരിക്കുന്നത് നാടിന്റെ മുന്നേറ്റത്തിന് ഇടയാക്കും. സ്‌കൂള്‍ വര്‍ഷം തുടങ്ങും മുമ്പേ എല്ലായിടത്തും പാഠപുസ്തകം എത്തിക്കാനായതും നോട്ടു പുസ്തകത്തിന്റെ വിലക്കയറ്റം തടയാനായി കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്‌കൂള്‍ വിപണികളും ഏറെ പ്രയോജനകരമാണ്. കൈത്തറി യൂണിഫോം വിതരണം വഴി ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനൊപ്പം പ്രകൃതി സൗഹൃദ വസ്ത്രശില്‍പവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ടി മാത്യു, കെ കെ അശോകന്‍, പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ കെ അശോകന്‍ യൂനിഫോം തുണി ഏറ്റു വാങ്ങി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ സനല്‍ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് റീജ്യനല്‍ മാനേജര്‍ കെ ആര്‍ മധു നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it