kasaragod local

യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; പുത്തിഗെയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സീതാംഗോളി: കടയില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തില്‍ ഇന്നലെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനും മുഗുറോഡ് ജങ്ഷനിലെ എസ്ടിപി ഫാബ്രിക്കേഷന്‍ ഉടമയുമായ ആരിഫി(31)നാണ് കുത്തേറ്റത്.
ആരിഫ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരിഫിന്റെ സുഹൃത്ത് ഷമാസിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കുമ്പള പോലിസ് വധശ്രമത്തിന് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ നാല് ബൈക്കുകളിലെത്തിയ ആര്‍എസ്എസ് സംഘമാണ് കടയില്‍ കയറി അക്രമിച്ചത്. കുത്തേറ്റ ആരിഫ് കടയില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ആരിഫിന്റെ ദേഹത്ത് 12 ഓളം കുത്തേറ്റിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് സീതാംഗോളി ടൗണില്‍ ഒരുസംഘം ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഘത്തിന്റെ കൈയില്‍ നിന്ന് തെറിച്ചുവീണ ഒരു കത്തി പോലിസ് കസ്റ്റഡിയിലെടുത്തു. ഒരു ആള്‍ട്ടോ കാര്‍ അഞ്ചുദിവസമായി സീതാംഗോളി ടൗണില്‍ സംശയ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഈ കാര്‍ ഇന്നലെ അക്രമികള്‍ സഞ്ചരിച്ച ബൈക്കുകള്‍ക്ക് എക്‌സ്‌കോര്‍ട്ട് പോയതായും വിവരം ലഭിച്ചിട്ടുണ്ട്. പുറമെ നിന്നെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനാണ് യുവാവിനെ കടയില്‍ കയറി കുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
രണ്ടാഴ്ച മുമ്പ് രണ്ട് ബൈക്കുകളിലെത്തിയ ഒരുസംഘം വാള്‍ വീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പോലിസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സീതാംഗോളി ടൗണിലെയും പരിസരത്തെയും വ്യാപാരികളും നാട്ടുകാരും ഗുണ്ടാസംഘങ്ങളെ ഭയന്നാണ് കഴിയുന്നത്. അക്രമത്തെ തുടര്‍ന്ന് സീതാംഗോളിയിലും മുഗു റോഡിലും പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പുത്തിഗെ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ആചരിച്ചു. ജില്ലാ പോലിസ് ചീഫ് ഡോ. എ ശ്രീനിവാസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കടക്ക് അകത്ത്കാണപ്പെട്ട രക്തപ്പാടുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. പ്രതിഷേധ പ്രകടനത്തിന് മഞ്ചുനാഥ ആള്‍വ, പഞ്ചായത്തംഗം ഇ കെ മുഹമ്മദ് കുഞ്ഞി, എം എസ് മുഹമ്മദ് കുഞ്ഞി, കോടി റസാഖ്, അബ്ദുല്ലകുഞ്ഞി മുഗു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it