Idukki local

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയിലെ ചേരിതിരിവ്: ചര്‍ച്ച ഇന്ന്

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയിലെ ചേരിതിരിവിനു പരിഹാരമുണ്ടാക്കാന്‍ ഇന്ന് അവസാനവട്ട ചര്‍ച്ച. ഇടഞ്ഞുനില്‍ക്കുന്ന ജില്ലാ പ്രസിഡന്റ് ടി കെ നവാസിനും ഗ്രൂപ്പിനും ഇക്കുറി പത്തിമടക്കേണ്ടിവരും. മുസ്്‌ലിം ലീഗിലെ സലീം ഗ്രൂപ്പും കെ എം എ ഷുക്കൂര്‍ വിഭാഗവും തമ്മിലുള്ള അധികാര വടംവലിയാണ് കാലങ്ങളായി ജില്ലാ യൂത്ത് ലീഗിനെയും രണ്ടുപക്ഷത്ത് നിലയുറപ്പിക്കാന്‍ പ്രേരകമായിരുന്നത്. അതേസമയം, ഇക്കുറി ലീഗ് ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ ഭരണസമിതി നിലവില്‍ വന്നെങ്കിലും യൂത്ത് ലീഗിലെ വിഭാഗീയത തുടരുകയാണ്. ഇതുമൂലം ജില്ലയില്‍ യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എങ്ങിനെയും യൂത്ത്‌ലീഗിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കണമെന്ന വാശിയിലാണു പുതിയ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. യൂത്ത്‌ലീഗിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസിന്റെ സാന്നിധ്യത്തിലേ ചര്‍ച്ച ചെയ്യൂ എന്നായിരുന്നു ടി കെ നവാസ് വിഭാഗത്തിന്റെ പിടിവാശി. എന്നാല്‍, ഇതിനിടെ ജില്ലാ സെക്രട്ടറി പി എം അന്‍സാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ മേഖലയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തനം ശക്തമാക്കിയതോടെ വിട്ടുനില്‍ക്കുന്ന നവാസ് ഗ്രൂപ്പിനെതിരേ അതേ വിഭാഗത്തിലുള്ളവരുടെതന്നെ പ്രതിഷേധം വര്‍ധിച്ചു. ഗാന്ധിമുതല്‍ ഗൗരിവരെ, നോട്ടുനിരോധനം, യുഡിഎഫ് പടയൊരുക്കം തുടങ്ങിയ പരിപാടികള്‍ ജില്ലാ സെക്രട്ടറി പി എം അന്‍സാര്‍,  തൊടുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായിട്ടാണ് നടത്തിയത്. ഇതില്‍ നവാസ് ഗ്രൂപ്പിലെ പലരും പങ്കെടുക്കുകയും ചെയ്തു. ഇതോടെ പിടിവാശി വിനയാകുമെന്നു തിരിച്ചറിഞ്ഞ ജില്ലാ പ്രസിഡന്റും സംഘവും ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു. സ്വന്തം ഗ്രൂപ്പില്‍ തന്നെ പ്രതിഷേധ സ്വരം ഉയര്‍ന്നതോടെ ടി കെ നവാസിന് എങ്ങിനെയും ഭിന്നതകള്‍ ഒഴിവാക്കേണ്ടുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഇന്നത്തെ യോഗത്തില്‍ നവാസ് വിഭാഗത്തിന് വാശിപിടിച്ചിരിക്കാന്‍ കഴിയില്ല. പി എം അന്‍സാര്‍ ജില്ലാ സെക്രട്ടറി ആയതാണ് നവാസ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. അന്‍സാറിനെ മാറ്റണമെന്ന കടുംപിടുത്തം ഒഴിവാക്കിയില്ലെങ്കില്‍ കൂടെയുള്ള അണികള്‍ പൊഴിഞ്ഞുപോവുമെന്ന സ്ഥിതിയാണിപ്പോള്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കടുത്ത തീരുമാനമെടുത്താല്‍ നവാസിന്റെ പ്രസിഡന്റ് സ്ഥാനവും തെറിക്കും. സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസിനെ പങ്കെടുപ്പിക്കാന്‍ യോഗത്തിന്റെ തിയ്യതി മാറ്റിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം വിദേശത്ത് നിന്ന് ഉടന്‍ മടങ്ങിയെത്തില്ല എന്നതിനാല്‍ മുസ്്‌ലിം ലീഗിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടിയുംവന്നു. യൂത്ത് ലീഗിലെ പ്രശ്‌നങ്ങള്‍ പലതവണ സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ഇതിനിടെ ജില്ലാ കമ്മിറ്റി മരവിപ്പിക്കുകയും ചെയ്തിരുന്നു.  മുസ്്‌ലിം ലീഗ് നേതാക്കളായ ടി എം സലീം, കെ എം എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി എ എം ഹാരിദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി കെ നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി പി എം അന്‍സാര്‍, തൊടുപുഴ മണ്ഡലം പ്രസിഡന്റ് പി എന്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, അഷ്‌റഫ് കാളിയാര്‍, പി എച്ച് സുധീര്‍, പി എം നിസാമുദ്ദീന്‍, എ എം നജീബ്, വി എ അമീന്‍ എന്നിവരാണ് ഇന്ന് ലീഗ് ഹൗസിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന സമവായ തീരുമാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ പുതിയൊരു നേതൃനിരയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി തീരുമാനം.
Next Story

RELATED STORIES

Share it