wayanad local

യൂത്ത് ലീഗ് കുഴിയെണ്ണല്‍ സമരം 11ന്



കല്‍പ്പറ്റ: തകര്‍ന്നു തരിപ്പണമായ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്്‌ലിം യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പാതാളത്തെ നാണിപ്പിക്കും പാതകള്‍' എന്ന പ്രമേയത്തില്‍ 11ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുഴിയെണ്ണല്‍ സമരം സംഘടിപ്പിക്കാന്‍ കല്‍പ്പറ്റ ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. ജില്ലയിലെ പൊതുമരാമത്തിന് കീഴിലുള്ള പല പ്രധാന റോഡുകളും കാല്‍നടയാത്ര പോലും ദുസ്സഹമായ രീതിയില്‍ തകര്‍ന്നിരിക്കുകയാണ്. ജില്ലയിലെ ജനങ്ങളുടെ മുന്നില്‍ വളരെ സങ്കീര്‍ണമായ യാത്രാദുരിതം പരിഹരിക്കുന്നതിന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ടതുണ്ട്. എന്നാല്‍, ഈ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പല റോഡുകളിലും ബസ് സര്‍വീസുകള്‍ പോലും നിര്‍ത്തലാക്കുന്ന അവസ്ഥയിലാണ്. ഫണ്ട് വകയിരുത്തിയെന്നു പറയുകയല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല. ഈ അവസരത്തിലാണ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തകര്‍ന്ന റോഡുകള്‍ കടന്നുപോവുന്ന വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുഴിയെണ്ണല്‍ സമരം നടത്തുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട തകര്‍ന്ന റോഡുകള്‍ തിരഞ്ഞെടുത്ത് ഓരോ പഞ്ചായത്ത് കമ്മിറ്റികളുടെയും പരിധിയിലുള്ള കുഴികളുടെ എണ്ണം രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ വിവരങ്ങള്‍ ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും സമര്‍പ്പിക്കും.  പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it