യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സിനെതിരേ രൂക്ഷ വിമര്‍ശനം

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പെരുന്തച്ചന്‍ സമീപനമെന്നും യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ്സിന്റെ 18 സംസ്ഥാന ഭാരവാഹികളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഇതില്‍ 9 പേര്‍ മാത്രമാണു വിജയിച്ചത്. പലരും പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ കാരണമാണെന്നും യോഗം വിലയിരുത്തി.
ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോടു കാണിച്ച മൃദു സമീപനമാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ അപമാനകരമായ പരാജയത്തിനു കാരണമായതെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. തിരുവനന്തപുരം ജില്ലയിലടക്കം ബിജെപി വന്‍ വിജയം നേടിയത് ഇതു മൂലമാണ്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞുപിടിച്ച് തോല്‍പിക്കുകയായിരുന്നു.
യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്ക ള്‍ക്കെതിരേ മല്‍സരിച്ച് ഇവരെ പരാജയപ്പെടുത്തിയ റിബലുകളെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കുന്നതു പ്രതിഷേധാര്‍ഹമാണ്. എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ കോ ണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല.
എസ്എന്‍ഡിപി-ബിജെപി സഖ്യം സിപിഎമ്മിനാണ് ദോഷം ചെയ്യുകയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ നേരെ തിരിച്ചാണു സംഭവിച്ചത്.
മന്ത്രി വി എസ് ശിവകുമാറിനെതിരേ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. തലസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ അന്തകനാണ് ശിവകുമാര്‍ എന്നുവരെ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. അരുവിക്കരയിലെ വിജയം നല്‍കിയ അമിതാഹ്ലാദമാണ് ഇത്ര ദയനീയമായ തോല്‍വിക്കു കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
തിരുവനന്തപുരത്തും പാലക്കാട്ടും ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിചയ സമ്പത്തുള്ളവരെ പരിഗണിക്കണമെന്ന് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അഡ്വ. വി കെ മിനിമോളെ കൊച്ചി മേയര്‍ സ്ഥാനത്തേക്കും തമ്പി സുബ്രഹ്മണ്യത്തെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും പരിഗണിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെടും.
ഡിസംബര്‍ ആദ്യവാരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വാഹന പ്രചാരണ ജാഥ നടത്താനും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it