Flash News

യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ കശാപ്പ് വിവാദമാകുന്നു

യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ കശാപ്പ് വിവാദമാകുന്നു
X


കണ്ണൂര്‍:മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വിവാദമായി.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കണ്ണൂരില്‍ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ചത്. ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിനെതിരെ വ്യാപക വിമര്‍ശനമുയരുമ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
കാഴ്ചക്കാരില്‍ ഭയവും വെറുപ്പുമുണ്ടാക്കുന്ന തരത്തില്‍ കശാപ്പ് നടത്തിയതിലൂടെ കശാപ്പ് നിരോധനത്തിനൊപ്പം നില്‍ക്കുന്നവര്‍ക്ക് തന്നെ ആയുധമായി മാറി സമരം എന്നാണ് ഉയരുന്ന പ്രധാന ആരോപണം.

പകല്‍സമയത്ത് പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ചതിനെതിരെ
യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മാന്യമായ സമരരീതിയിലൂടെയാണ് പ്രതിഷേധിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പ്രതികരിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തണമെന്നതാണ് തന്റെ അഭിപ്രായം. പ്രായത്തിന്റെ പക്വതയില്ലായ്മയാകാം ഇത്തരമൊരു സമരമുറയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘപരിവാറിനെയാണ് സഹായിക്കുക എന്ന് എംബി രാജേഷ് എംപി പറഞ്ഞു. വകതിരിവില്ലാതെ ചെയ്യുന്ന അസംബന്ധങ്ങളും കോപ്രായങ്ങളും ബാധിക്കുന്നത് മൊത്തം സമരത്തെയുമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it