Flash News

യു-17, യു-20 ലോകകപ്പ് : വരാന്‍ പോവുന്നത് കൗമാര ലോകകപ്പിന്റെ നാളുകള്‍



ടി പി ജലാല്‍

ഏഷ്യയില്‍ ഇനി വരാന്‍ പോവുന്നത് കൗമാര ലോകകപ്പിന്റെ നാളുകളാണ്. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന  ലോകകപ്പ് (അണ്ടര്‍-17) ആഘോഷങ്ങള്‍ക്ക് മുന്നോടിയായി  അണ്ടര്‍-20 ലോകകപ്പിന്   ദക്ഷിണ കൊറിയയും  ആതിഥേയത്വം വഹിക്കുന്നതോടെ ഈ ഭുഖണ്ഡം ഇനി ഫുട്‌ബോളിന്റെ രാവുകളിലാണ്്.  ഈ മാസം  20 മുതല്‍ ജൂണ്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 ടീമുകള്‍ ആറ്  ഗ്രൂപ്പുകളില്‍ പരസ്പരം പോരടിക്കും. 1995 വരെ 16 രാജ്യങ്ങള്‍ മല്‍സരിച്ചിരുന്നത് 1997 മുതലാണ് 24 ആക്കിയത്. കൊറിയന്‍ ഭാഷയില്‍ ചോര്‍മി എന്ന് പേരുള്ള കടുവക്കുട്ടിയാണ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യമുദ്ര.

ആദ്യ പോരാട്ടം ജര്‍മനിയും വെനിസ്വേലയും തമ്മില്‍

ആദ്യ പോരാട്ടം ജര്‍മനിയും വെനിസ്വേലയും തമ്മിലാണ്. രണ്ടാം മല്‍സരത്തില്‍ ആറു തവണ ജേതാക്കളായ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലും മൂന്നാം മല്‍സരത്തില്‍ വന്വോട്ടോ മെക്‌സിക്കോയേയും നേരിടും. പ്രാഥമിക മല്‍സരം  മെയ് 28ന് പൂര്‍ത്തിയാവും.  ജൂണ്‍ എട്ടിന് സെമി ഫൈനലുകളും 11നു ഫൈനലും ലൂസേഴ്‌സ് ഫൈനലും നടക്കും.  രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ദക്ഷിണ കൊറിയ, അര്‍ജന്റീന, ഇംഗ്ലണ്ട്,  ഗ്വിനിയ. ബിയില്‍ വെനിസ്വേല,  ജര്‍മനി, മെക്‌സിക്കോ, വന്വോട്ടോ. സിയില്‍ സാംബിയ, പോര്‍ച്ചുഗല്‍, ഇറാന്‍, കോസ്റ്റോറിക്ക. ഡിയില്‍ ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഉറുഗ്വേ, ഇറ്റലി. ഇയില്‍ ഫ്രാന്‍സ്, ഹോണ്ടുറാസ്, വിയറ്റ്‌നാം, ന്യൂസിലന്‍ഡ്.  എഫ്ല്‍ ഇക്വഡോര്‍, യുഎസ്എ, സൗദി അറേബ്യ, സെനഗല്‍ ടീമുകളുമാണ് രംഗത്ത്.  ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച രണ്ട് ടീമുകളും നാല് മികച്ച മൂന്നാം സ്ഥാനക്കാരും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും.   സെര്‍ബിയയുടെ ഗോള്‍കീപ്പര്‍ പ്രെഡ്രാഗ് റജ്‌കോവിക്ക് ആണ് കഴിഞ്ഞ തവണത്തെ മികച്ച താരം.

നിലവിലെ ജേതാക്കളായ സെര്‍ബിയയും ബ്രസീലും ഇത്തവണയില്ല

സെര്‍ബിയയാണ്  നിലവിലെ (2015- ന്യൂസിലന്‍ഡ്) ചാംപ്യന്‍മാര്‍.  വമ്പന്മാരായ ബ്രസീലിനെ 21ന് തോല്‍പ്പിച്ച്  കപ്പടിച്ചുവെങ്കിലും ഇത്തവണ യോഗ്യത നേടിയിട്ടില്ല.  മാലിയും സെനഗലുമാണ്  കഴിഞ്ഞ തവണത്തെ മുന്നും നാലും സ്ഥാനക്കാര്‍.  അതേസമയം,  അണ്ടര്‍ 17 ഇന്ത്യന്‍ ലോകകപ്പിന് അര്‍ജന്റീനയില്ലാത്തതില്‍ സന്തോഷിച്ച ബ്രസീലിന് കൊറിയന്‍ ലോകകപ്പ് തിരിച്ചടി തന്നിരിക്കുകയാണ്.  അവസരം നിഷേധിച്ചത് അര്‍ജന്റീനയാണെന്നതാണ് മഞ്ഞപ്പട ആരാധകരെ കൂടുതല്‍ നിരാശയിലാക്കുന്നത്.  സൗത്ത് അമേരിക്കന്‍ കപ്പില്‍ നടന്ന മല്‍സരത്തില്‍ 95ാം മിനിറ്റില്‍ അര്‍ജന്റീന നേടിയ സമനില ഗോളാണ് ബ്രസീലിന്റെ സമനില തെറ്റിച്ചത്. അതുവരെ  2-1ന് പിന്നിലായിരുന്ന അര്‍ജന്റീന പുറത്താവുന്ന ഘട്ടത്തില്‍ നിന്നാണ് യോഗ്യരായത്. ശേഷം കൊളംബിയയോടും സമനില വഴങ്ങിയതോടെ മഞ്ഞപ്പട പുറത്താവുകയായിരുന്നു. മിഡ്ഫീല്‍ഡര്‍ സാന്റിയാഗോ അസാസിബര്‍, മുന്നേറ്റനിരയില്‍ ലൊട്ടാരോ മാര്‍ട്ടിനെസ്, തോമസ് കോനച്ചിനി, മാര്‍സലോ ടോറസ്  തുടങ്ങിയവര്‍  കൗമാര അര്‍ജന്റീനയുടെ മികച്ച താരങ്ങളാണ്.  1990,2000 ലോകകപ്പ് ടീമിന്റെ ഡിഫന്റര്‍ ക്ലോഡിയോ ഉബേഡയാണ് കോച്ച്.  ആറു തവണ  കപ്പില്‍ മുത്തമിട്ട അര്‍ജന്റീന തന്നെയാണ് ഏറ്റവും മുന്നില്‍. അഞ്ചുതവണ നേടിയ ബ്രസീലും ഒട്ടും പിന്നിലല്ല.   പോര്‍ച്ചുഗലും സെര്‍ബിയയും രണ്ട് തവണയും ഘാന, ജര്‍മനി, റഷ്യ, സപെയിന്‍, ഫ്രാന്‍സ് ടീമുകള്‍ ഒരോ തവണയും  നേടിയിട്ടുണ്ട്. റഷ്യയാണ് പ്രഥമ ജേതാക്കള്‍. ജര്‍മനിയുടെ അണ്ടര്‍ 18,19 ടീമിലെ ഗോള്‍കീപ്പറായിരുന്ന ഡൊമിനിക് റീമാന്‍ കൊറിയയിലും ഫോം തുടരാനാണ് സാധ്യത.  ഇംഗ്ലണ്ടിന്റെ 11ാമത്തെ ചാംപ്യന്‍ഷിപ്പാണെങ്കിലും സീനിയര്‍ ടീമിനെപ്പോലെ തന്നെ കൗമാര ടീമിനും കൂടുതല്‍ മുന്നേറാനായിട്ടില്ല. 1993ല്‍ മുന്നാംസ്ഥാനം നേടിയതാണ് മികച്ചത്്. ചരിത്രത്തിലാദ്യമായി ഓഷ്യാനയില്‍ നിന്നുള്ള വന്വോട്ടാ തങ്ങളുടെ ആദ്യ  ലോകകപ്പിനെത്തുന്നത്  ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.

ഏഷ്യന്‍ മുന്നേറ്റം  1981

ആസ്‌ത്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഖത്തറും 1999 നൈജീരിയന്‍ കപ്പില്‍ ജപ്പാനും നേടിയ രണ്ടാം സ്ഥാനമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ മികച്ച പ്രകടനം.  1983ല്‍ ദക്ഷിണ കൊറിയയും 2013ല്‍ ഇറാഖും  നാലാം സ്ഥാനം നേടിയിട്ടുണ്ട്. യുഎഇയുടെ ഇസ്മായില്‍ മേത്തര്‍ 2003ല്‍ മികച്ച താരത്തിനുള്ള സുവര്‍ണ പന്ത് നേടിയിട്ടുണ്ട്.  ആദ്യ കപ്പില്‍ ഇറാഖിന്റെ ഹുസയ്ന്‍ സഈദ് മുന്നു ഗോളടിച്ച് ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  രണ്ട് തവണ അച്ചടക്കമുള്ള ടീമായി ജപ്പാന്‍ തിരഞ്ഞെടുക്കപ്പെട്ടതും ഏഷ്യയുടെ മികവ് പ്രകടമാണ്. ഇത്തവണ ഖത്തര്‍, ഇറാഖ്, യുഎഇ ടീമുകള്‍ക്ക് യോഗ്യത നേടാനായിട്ടില്ല. ഏഷ്യയിലെ ഒന്നാം നമ്പറായ ഇറാനും ദക്ഷിണ കൊറിയയും മാത്രമാണ് പ്രതീക്ഷ. സൗദിയും ജപ്പാനുമാണ് മറ്റുള്ള ടീമുകള്‍.

മറഡോണ മുതല്‍ മെസി വരെ

ഭാവിയിലെ ലോക കപ്പ് ടീമിനെ കണ്ടെത്തുന്ന ചാംപ്യന്‍ഷിപ്പാണിത്. ഡീഗോ മറഡോണ, വഌദിമിര്‍, അഡ്രിയാനോ, റോബര്‍ട്ടോ പ്രോസിനെക്കി, ജാവിയര്‍ സാവിയോള, ലയണല്‍ മെസി, സെര്‍ജ്ജിയോ അഗ്വേറോ, പോള്‍ പോഗ്ബ, ഹെന്റ്രിക് അല്‍മേയ്ഡ എന്നിവര്‍ മികച്ച താരങ്ങളായി ഉയര്‍ന്നത് ഈ ടൂര്‍ണമെന്റിലൂടെയാണ്.  ഇവര്‍ സുവര്‍ണ പന്തുകള്‍ നേടിയിട്ടുണ്ട്.  2001ല്‍  11 ഗോളുകള്‍ നേടിയ  സാവിയോളയുടെ പേരിലുള്ള റെക്കോഡ് ആരും തകര്‍ത്തിട്ടില്ല.  2005ല്‍ ലയണല്‍ മെസിയും 2007ല്‍ അഗ്വേറോയും ആറു ഗോളുകള്‍ വീതം നേടി ടോപ്‌സ്‌കോററായിട്ടുണ്ട്.  1994 ലോകകപ്പില്‍ കാമറൂണിനെതിരേ ഒറ്റ മല്‍സരത്തില്‍ അഞ്ച് ഗോള്‍ നേടിയ റഷ്യയുടെ ഒലേഗ് സാലങ്കോവ്, ഫ്രാന്‍സിന്റെ ഡേവിഡ് ട്രസീഗ്വേ, പോര്‍ച്ചുഗലിന്റെ ഡാനി,  അര്‍ജന്റീനയുടെ ലൂയിസ് ഇസ്‌ലാസ്, പാബ്ലോ സോറിന്‍, കാംമ്പിയാസോ, റിക്വല്‍മേ, പാബ്ലോ ഐമര്‍, സിസെ, സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍കാസിയസ്,ഡാനിയേല്‍ ആല്‍വ്‌സ്,  ക്രൊയേഷ്യയുടെ ഡേവര്‍ സൂക്കര്‍, തുടങ്ങിയവരുടെ ഉയര്‍ച്ചയും  ഈ ടൂര്‍ണമെന്റ് വഴി തന്നെയായിരുന്നു.   1979ല്‍ മറഡോണ ആറു ഗോളുകള്‍ നേടിയിരുന്നു.
Next Story

RELATED STORIES

Share it