Kerala

യു.ഡി.എഫില്‍ തര്‍ക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സീറ്റ് വിഭജനം യു.ഡി.എഫ്. നേതൃത്വത്തിന് തലവേദനയാവുന്നു. ഘടകകക്ഷികളായ മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ജെ.ഡി.യു. എന്നിവര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. എല്‍.ഡി.എഫ്. വിട്ടുവന്ന ആര്‍.എസ്.പിയുടെ സീറ്റുകളും ഇത്തവണ തര്‍ക്കവിഷയമാവും. സീറ്റ് വിഭജനത്തില്‍ പൊതുധാരണയുണ്ടാക്കാന്‍ ഏഴിന് വൈകീട്ട് യു.ഡി.എഫ്. യോഗം ചേരും.

പ്രതീക്ഷിച്ചതിലും മുമ്പ് തിരഞ്ഞെടുപ്പ് വന്നതോടെ സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ജില്ലാതലത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വിജയിച്ച സീറ്റുകള്‍ അതത് കക്ഷികള്‍ക്കു നല്‍കാനാണ് മുന്നണിയിലെ ധാരണ. മറ്റു സീറ്റുകളെക്കുറിച്ച് യു.ഡി.എഫ്. യോഗത്തില്‍ പൊതുധാരണയുണ്ടാക്കി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണു ശ്രമം. കഴിഞ്ഞ തവണത്തെ ഫോര്‍മുല സ്വീകാര്യമല്ലെന്ന് ജെ.ഡി.യു. നേതൃത്വം യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ട്. 2010ലും സിറ്റിങ് സീറ്റ് മാത്രമാണു ലഭിച്ചത്. ഇത്തവണ എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോള്‍ മല്‍സരിച്ച അത്രയും സീറ്റുകള്‍ വേണം. പഴയ ഫോര്‍മുല ഇത്തവണ അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നു ജെ.ഡി.യു. നേതാവ് ഷേയ്ക്ക് പി ഹാരിസ് പ്രതികരിച്ചു.

എല്ലാ ജില്ലാ പഞ്ചായത്തിലും സീറ്റ് വേണമെന്നതാണ് ജെ.ഡി.യുവിന്റെ മറ്റൊരാവശ്യം. ആര്‍.എസ്.പിയുടെ സീറ്റുകളും തര്‍ക്കവിഷയമാവും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടുതല്‍ സീറ്റിന് ആര്‍.എസ്.പി. അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ്(എം) കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്. മലബാര്‍ മേഖലയിലുള്‍പ്പെടെ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്്.പ്രധാന ഘടകകക്ഷികളുമായി ചൊവ്വാഴ്ച കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. കഴിഞ്ഞ തവണ ഓരോ കക്ഷിയും മല്‍സരിച്ച സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കിയാവും ചര്‍ച്ച തുടങ്ങുക.

കേരളാ കോണ്‍ഗ്രസ്(ബി), പി സി ജോര്‍ജ് വിഭാഗത്തിന്റെ സീറ്റുകള്‍ മറ്റുള്ളവര്‍ പങ്കുവയ്ക്കും. ആര്‍.എം.പി. ഉള്‍പ്പെടെ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി ധാരണയ്ക്കുള്ള ചര്‍ച്ചകള്‍ പ്രാദേശികതലത്തില്‍ നടത്താനാണ് ആലോചന. ജില്ലാതലത്തിലെ ചര്‍ച്ചകളിലൂടെയാണ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. 10നു മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണു ശ്രമം. ഘടകകക്ഷികള്‍ മല്‍സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് റിബലുകള്‍ ഉണ്ടാവരുതെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെടും. റിബലുകളെ പൂര്‍ണമായും ഒഴിവാക്കുമെന്ന ഉറപ്പ് യു.ഡി.എഫ്. യോഗത്തില്‍ കോണ്‍ഗ്രസ് നല്‍കും. ആറിന് എറണാകുളത്ത് എ കെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന കണ്‍വന്‍ഷനോടെ യു.ഡി.എഫിന്റെ പ്രചാരണം ആരംഭിക്കും. പൊതുപ്രകടനപത്രികയും അന്നു പുറത്തിറക്കും.
Next Story

RELATED STORIES

Share it