Gulf

യു.എ.ഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിവിധ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി

ദുബൈ/അജ്മാന്‍: റമദാനോടനുബന്ധിച്ച് യു.എ.ഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥര്‍ രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കി ചൂഷണം
നടത്തുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു പരിശോധന. മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തി വരുന്നത്. അജ്മാനിലെ പഴം-പച്ചക്കറി മാര്‍ക്കറ്റുകളിലാണ് ഇന്നലെ വ്യാപകമായ പരിശോധനകള്‍ നടന്നത്. അജ്മാന്‍ സാമ്പത്തിക വികസന വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ അഹ്മദ് ശാക്കിര്‍, സാമ്പത്തിക വികസന വകുപ്പിലെ വ്യാജ സാധനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്ന വിഭാഗം തലവന്‍ സുല്‍ത്താന്‍ അബ്ദുല്ല അല്‍ അന്‍സാരി, മന്ത്രാലയത്തിന്റെ അജ്മാന്‍ കാര്യാലയത്തിലെ വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വിഭാഗം തലവന്‍ ജാസിം അബ്ദുല്ല സാലിഹ് എന്നിവരും മാധ്യമ പ്രവര്‍ത്തകരും അല്‍നുഐമിയെ അനുഗമിച്ചു.
രാജ്യത്തെ വിലകള്‍ സ്ഥിരമായതാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ചില സാധനങ്ങള്‍ക്ക് നേരിയ വര്‍ധനയുണ്ട്. അല്‍പം ഉയര്‍ന്ന വിലക്ക് നിലവില്‍ വില്‍പന നടത്തി വരുന്ന ഭക്ഷ്യ സാധനങ്ങളുടെ വില കുറയ്ക്കാന്‍
വില്‍പനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ഉല്‍പന്നങ്ങള്‍ക്കും മേല്‍ വില പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തരുതെന്നും അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.
തന്റെ സന്ദര്‍ശനത്തിനിടെ നിരവധി വ്യാപാരികഷളുമായി അല്‍നുഐമി ആശയ വിനിമയം നടത്തി. സാധന വിലകള്‍ സംബന്ധിച്ചും അവയുടെ ലഭ്യത സംബന്ധിച്ചുമുള്ള അഭിപ്രായങ്ങളും പരാതികളും അറിയിക്കാനും അദ്ദേഹം
ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ വിഭാഗങ്ങളുമായി 600 522225 നമ്പറില്‍ (ഉപഭോക്തൃ സേവന കേന്ദ്രം) ബന്ധപ്പെടാനും പരാതികളും സമര്‍പ്പിക്കാമെന്നും അറിയിച്ചു. 80055 എന്ന സാമ്പത്തിക വികസന വകുപ്പ് നമ്പറുമായും
ബന്ധപ്പെടാവുന്നതാണ്. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വരും
ദിവസങ്ങളില്‍ പരിശോധനകള്‍ തുടരുന്നതാണ്. പ്രഭാത-സായാഹ്ന സമയങ്ങളിലെ പരിശോധനകള്‍ക്കായി വെവ്വേറെ വിഭാഗങ്ങളെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it