World

യു.എന്നില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി ഫലസ്തീന്‍ കൊടി പാറി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്‍. ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെയാണ് പതാകയുയര്‍ത്തിയത്. നയതന്ത്രജ്ഞരെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കി ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് റോസ്ഗാര്‍ഡനില്‍ ഫലസ്തീന്‍ കൊടിയേറിയത്. ഇസ്രായേലില്‍ നിന്നും യു.എസില്‍ നിന്നുമുള്ള കനത്ത എതിര്‍പ്പുകളെ മറികടന്നായിരുന്നു നീക്കം. പതാകയുയര്‍ത്തപ്പെടുന്നതിനായി അഹോരാത്രം പരിശ്രമിച്ചവര്‍ക്കും ഫലസ്തീനിയന്‍ രക്തസാക്ഷികള്‍ക്കും ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്കും ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കുമായി മഹ്മൂദ് അബ്ബാസ് ആഘോഷനിമിഷം സമര്‍പ്പിച്ചു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിലെ യാസിര്‍ അറഫാത്ത് സ്‌ക്വയറില്‍ ഫലസ്തീനികള്‍ക്ക് പതാകയുയര്‍ത്തല്‍ ചടങ്ങ് തദ്‌സമയം വീക്ഷിക്കുന്നതിനായി വലിയ സ്‌ക്രീന്‍ ഒരുക്കിയിരുന്നു. നൂറുകണക്കിനു ഫലസ്തീനികള്‍ ചടങ്ങ് വീക്ഷിക്കുന്നതിനായി ഒത്തുചേര്‍ന്നു. ആഘോഷഭരിതമായ മുഹൂര്‍ത്തത്തില്‍ തെരുവുകളില്‍ അവര്‍ ദേശീയഗാനങ്ങള്‍ ആലപിക്കുകയും ഫലസ്തീന്‍ പതാക വീശുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഹഫിങ്റ്റണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ നിമിഷം പ്രതീക്ഷയേകുന്നതാണെന്നു പറഞ്ഞ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, അന്താരാഷ്ട്രസമൂഹം ഫലസ്തീന്റെ സ്വാതന്ത്ര്യം അംഗീക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it