യുസെയ്ന്‍ ബോള്‍ട്ട് ട്രാക്ക് വിടുന്നു

റിയോ ഡി ജനയ്‌റോ: ട്രാക്കിലെ മിന്നല്‍പ്പിണരായ ജമൈക്കന്‍ സ്പ്രിന്റ് സ്റ്റാര്‍ യുസെയ്ന്‍ ബോള്‍ട്ട് വിരമി ക്കാനൊരുങ്ങുന്നു. ഈ വര്‍ഷം ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന് ബോള്‍ട്ട് വ്യക്തമാക്കി. കുറച്ചു കാലം കൂടി മല്‍സരരംഗത്തു തുടരണമെന്ന് തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ഒളിംപിക്‌സിനു ശേഷം ട്രാക്കിലിറങ്ങില്ലെന്ന് താരം പറഞ്ഞു.
ആറു തവണ ഒളിംപിക്‌സില്‍ സ്വര്‍ണമണി ഞ്ഞ ബോള്‍ട്ട് റിയോയില്‍ മൂന്നു സ്വര്‍ണം കൂടി കരസ്ഥമാക്കി പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 2020ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ കൂടി മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജനുവരിയില്‍ താരം വെളിപ്പെടുത്തിയിരുന്നു. കോച്ച് ഗ്ലെന്‍ മില്‍സിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബോള്‍ട്ട് ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ റിയോയിലും സ്വര്‍ണം നിലനിര്‍ത്താനായാല്‍ വിരമിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ബോള്‍ട്ട് വ്യക്തമാക്കി. ''റിയോ ഒളിംപിക്‌സ് കഴിഞ്ഞ് പി ന്നീടൊരു നാലു വര്‍ഷം കൂടി അടുത്ത ഒൡപിക്‌സിനായി കാത്തിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. റിയോയില്‍ ചാംപ്യനാവാന്‍ കഴിഞ്ഞാല്‍ പിന്നീടൊരു നാലു വര്‍ഷം കൂടി അതേ പ്രചോദനം എനിക്ക് നിലനിര്‍ത്താന്‍ കഴിയില്ല. അതിനാലാണ് റിയോ ഒളിംപിക്‌സ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന് പറയുന്നത്''-താരം മനസ്സ്തുറന്നു. 2012ലെ കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 100, 200, 4-100 മീ റിലേ എന്നിവയില്‍ ബോള്‍ട്ട് സുവര്‍ണനേട്ടം കൈവരിച്ചിരുന്നു. 2010ലെ ബെയ്ജിങ് ഒളിംപിക്‌സിലും താരം ഇതേ നേട്ടം കൊയ്തിരുന്നു.
''എന്റെ ഏറ്റവും വലിയ സ്വപ്‌നം തുടര്‍ച്ചയായി മൂന്നാം ഒളിംപിക്‌സിലും മൂന്നു സ്വര്‍ണം ചൂടുകയെന്നതാണ്. അതു മാത്രമേ ഇപ്പോള്‍ എന്റെ മനസ്സിലുള്ളൂ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഞാന്‍''- താരം കൂട്ടിച്ചേര്‍ത്തു.
200 മീറ്ററില്‍ 19.19 സെക്കന്റെന്ന ലോകറെക്കോഡ് ബോള്‍ട്ടിന്റെ പേരിലാണ്. ''റിയോ ഒളിംപിക്‌സില്‍ ഈ റെക്കോഡ് തിരുത്തുകയാണ് എന്റെ മോഹം. 19.19 സെക്കന്റെന്ന സമയം പത്തൊന്‍പതോ അതില്‍ കുറച്ചോ ആക്കാനാണ് ശ്രമം. മറ്റു ഇനങ്ങളില്‍ റെക്കോഡ് തിരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. പലപ്പോഴും ഇക്കാര്യം ഞാന്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്''- 29കാരനാ യ ബോള്‍ട്ട് വിശദമാക്കി.
ഈ വര്‍ഷം ആഗസ്ത് അഞ്ചു മുതല്‍ 21 വരെയാണ് റിയോ ഒളിംപിക്‌സ് അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it