യുവ നടി ആക്രമിക്കപ്പെട്ട കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന ആവശ്യം, എറണാകുളം ജില്ലാ പരിധിയില്‍ വനിതാ സെഷന്‍സ് ജഡ്ജി ഇല്ലാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജിയിലാണ് ഉത്തരവ്. നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുന്നത് ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്താന്‍ കാരണമാവുമെന്നും  കോടതി വ്യക്തമാക്കി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.
അതേസമയം, കേസിന്റെ ആവശ്യാര്‍ഥം ദൃശ്യങ്ങള്‍ കോടതിയില്‍ വച്ചുതന്നെ ജഡ്ജിയുടെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ കാണുന്നതിനു കോടതി അനുമതി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നത്. ഇരയുടെ മെഡിക്കല്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് പ്രതികള്‍ക്കു നല്‍കുന്നതിനും കോടതി അനുമതി നല്‍കി. പ്രതീഷ് ചാക്കോ, രാജു ജോസഫ്, പള്‍സര്‍ സുനി എന്നിവരാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹരജി ജൂണ്‍ 27നു പരിഗണിക്കാനായി മാറ്റി. കേസിലെ പ്രതിയായ അഡ്വ. പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹരജിയും പരിഗണിക്കുന്നത് മാറ്റിവച്ചു. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് പുതിയ അഭിഭാഷകനെ വയ്ക്കുന്നതിനു കോടതി അനുമതി നല്‍കി. സുനിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകനെ വയ്ക്കുന്നതിനു കോടതി അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it