യുവ അര്‍ജന്റീനയെ തകര്‍ത്ത് ജര്‍മന്‍ ക്ലബ്ബ്

ടിപി ജലാല്‍

കോഴിക്കോട്: 36ാമത് അന്താരാഷ്ട്ര നാഗ്ജി ക്ലബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സെക്കന്റ് ഡിവിഷന്‍ ടീമായ 1860 മ്യൂനിച്ച് ക്ലബ്ബ് അര്‍ജന്റീനയുടെ(അണ്ടര്‍-23) യുവ ടീമിനെ എതിരില്ലാത്ത മുന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. 17-ാം മിനിറ്റില്‍ ഫെലിക്‌സ് ബാഷ്മിതും 25-ാംമിനിറ്റില്‍ സിമോണ്‍ സഫറിംങ്‌സും 78-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ കോപ്പലുമാണ് ഗോളുകള്‍ നേടിയത്.
തുടക്കത്തില്‍ തന്നെ നിരന്തരം ആക്രമിച്ചു കളിച്ച ജര്‍മന്‍ ക്ലബ്ബായ 1860 ബയേണ്‍ മ്യുണിച്ച് എണ്ണയിട്ട യന്ത്രം കണക്കെ കുതിച്ചു പാഞ്ഞപ്പോള്‍ മറഡോണയുടെ നാട്ടുകാര്‍ പന്തുകിട്ടാതെ കുഴഞ്ഞു. നിലവിലെ ലോക ചാംപ്യന്‍മാരുടെ നാട്ടുകാര്‍ക്ക് ലഭിച്ച പെനാല്‍റ്റിയാണ് ആദ്യ ഗോളിന് വഴിവെച്ചത്. മുന്നേറ്റനിരക്കാരന്‍ ഫെലിക്‌സ് ബാഷ്മിതിനെ അര്‍ജന്റീനയുടെ റോഡ്രിഗോ ഇസ്സോ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി മാലദ്വീപുകാരന്‍ ഇഹ്‌സാന്‍ ഇസ്മായീല്‍ പെനാല്‍റ്റി നല്‍കി. കിക്കെടുത്ത ഫ്രാങ്കോ മണ്ടോവാനോ ഇടതു പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തെങ്കിലും അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ ഫക്കുണ്ടോ ഫെരേറോ പറന്നു തടുത്തിട്ടു. എന്നാല്‍ തക്കം പാര്‍ത്തിരുന്ന ഫെലിക്‌സ് പന്ത് വലയിലേക്ക് ചെത്തിയിട്ടു. (1-0). ഗോള്‍ നേടിയതോടെ സീനിയര്‍ ടീമിനെപ്പോലെത്തന്നെ ജര്‍മനിയുടെ ആക്രമണത്തിനും മുര്‍ച്ച കൂടി. 25-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. സിമോണ്‍ സഫറിംങ്‌സിന്റെ ബുള്ളറ്റ് ഷോട്ടിനു മുന്നില്‍ ഫക്കുണ്ടൊ നിസ്സഹായനായി(2-0). ആദ്യ പകുതിയില്‍ അര്‍ജന്റീന പരുക്കന്‍ അടവിലൂടെ പ്രതിരോധിച്ചതിനെത്തുടര്‍ന്നു രണ്ട് മഞ്ഞക്കാര്‍ഡും ലഭിച്ചു.
രണ്ടാം പകുതിയിലും മ്യുണിച്ചിന്റെ മുന്നേറ്റം കണ്ടുവെങ്കിലും ഇടക്ക് അര്‍ജന്റീനയും ചില മുന്നേറ്റങ്ങള്‍ നടത്തി. അതുവരെ കാര്യമായി ഷോട്ടുകളൊന്നും വരാതിരുന്നുവെങ്കിലും പിന്നീട് നിരവധി തവണ ജര്‍മന്‍ കീപ്പര്‍ കായ് ഫ്രിറ്റ്‌സ് പരീക്ഷിക്കപ്പെട്ടു. ഇതിനിടെ ആക്രമണം പുനരാരംഭിച്ച ജര്‍മനി ലീഡുയര്‍ത്തി. 78-ാം മിനിറ്റില്‍ പകരക്കാരന്‍ ക്രിസ്റ്റ്യന്‍ കോപ്പല്‍ ആണ് ഇടത്തേ പെനാല്‍റ്റി ബോക്‌സിന്റെ സീറോ ആംഗിളില്‍ നിന്നും ഗോള്‍കീപ്പറെ കബളിപ്പിച്ച് മനോഹരമായി ഗോള്‍ നേടി (3-0).അവസാന നിമിഷം ബ്രയാന്‍ സാഞ്ചസിന്റെ ഹാഫ് വോളി ഷോട്ടും പുറത്തു പോയി.
Next Story

RELATED STORIES

Share it