Flash News

യുവേഫ ചാംപ്യന്‍സ് ലീഗ് : ടോട്ടല്‍ തകര്‍ന്ന് റയല്‍



വിംബഌ: ക്ലബ്ബ് ഫുട്‌ബോളിന്റെ ഈ സീസണില്‍ തൊട്ടതെല്ലാം പിഴക്കുന്ന റയല്‍ മാഡ്രിഡിന് വീണ്ടും നാണം കെട്ട തോല്‍വി. രണ്ട് തവണ തുടര്‍ച്ചയായി ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട റയല്‍ മാഡ്രിഡിന്റെ കളിമികവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം പൂട്ടിക്കെട്ടിയത്. ചാംപ്യന്‍സ് ലീഗിലെ അവസാന 16 ല്‍ സീറ്റുറപ്പിക്കാനായി ബൂട്ടുകെട്ടി ഇറങ്ങിയ റയലിനെ  കാഴ്ചക്കാരാക്കി നിര്‍ത്തുന്ന പ്രകടനമാണ് ടോട്ടനം കാഴ്ചവെച്ചത്.സിദാന്റെ ശിഷ്യഗണങ്ങള്‍ 4-3-3 ശൈലിയില്‍ പന്ത് തട്ടാനിറങ്ങിയപ്പോള്‍ ടോട്ടനത്തെ 3-5-2 ശൈലിയിലാണ് പൊറ്റച്ചീനോ വിന്യസിച്ചത്്. പന്തടക്കത്തിലെ പതിവ് മേല്‍ക്കോയ്മ റയല്‍ നിര നിലനിര്‍ത്തിയെങ്കിലും നീളന്‍ പാസുകളും ഇടിമിന്നല്‍ മുന്നേറ്റങ്ങളുമായി ടോട്ടനം റയലിനെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. 27ാം മിനിറ്റില്‍ ഗാലറിയെ ആവേശത്തിലാഴ്ത്തി ടോട്ടനം നിര അക്കൗണ്ട് തുറന്നു. നീട്ടി ലഭിച്ച പന്തിനെ ഇടത് വിങില്‍ നിന്നും പിടിച്ചെടുത്ത് ശരവേഗത്തില്‍ ട്രിപ്പിര്‍ നല്‍കിയ പാസിനെ ഡെലി അലി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടോട്ടനം 1-0ന് മുന്നില്‍. ലീഡ് വഴങ്ങിയതോടെ ഗോള്‍മടക്കാന്‍ ആക്രമണം അഴിച്ച് വിട്ട് റയല്‍ മുന്നേറിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 1-0ന്റെ ലീഡും ടോട്ടനത്തിനൊപ്പം നിന്നു. ആദ്യ പകുതിയില്‍ എട്ട് തവണ ടോട്ടനം ഗോള്‍മുഖത്തേക്ക് റയല്‍ പന്തെത്തിച്ചപ്പോള്‍ അഞ്ച് തവണ ഗോള്‍വലയിലേക്ക് ഷോട്ടുംതൊടുത്തു. പക്ഷേ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത ടോട്ടനത്തിന് മുന്നില്‍ റയലിന് ലീഡ് വഴക്കത്തോടെ ഒന്നാം പകുതി പിരിയേണ്ടി വന്നു.ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇസ്‌കോയും ബെന്‍സീമയും അണിനിരന്ന റയലിന്റെ മുന്നേറ്റ നിരയെ രണ്ടാം പകുതിയും ടോട്ടനം തളച്ചിട്ടു. ഗോള്‍ മടക്കാനുള്ള സജീവ ശ്രമത്തോടെ മുന്നേറിയ റയലിന് ഷോക്ക് നല്‍കി വീണ്ടും ടോട്ടനം വലകുലുക്കി. 56ാം മിനിറ്റില്‍ എറിക് ഡയറിന്റെ നീളന്‍ പാസ് പിടിച്ചെടുത്ത് ഡെലി അലി തൊടുത്ത ഷോട്ട് റയല്‍ ഗോള്‍പോസ്റ്റില്‍ പറന്നിറങ്ങി. ടോട്ടനം 2-0ന് മുന്നില്‍. 11 മിനിറ്റിനുള്ളില്‍ ടോട്ടനം അക്കൗണ്ടില്‍ മൂന്നാം ഗോളും ചേര്‍ത്തു. ഹാരി കെയ്‌നിന്റ് അസിസ്റ്റിനെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഗോളാക്കി മാറ്റുകയായിരുന്നു. ടോട്ടനം 3-0ന് മുന്നില്‍. മൂന്ന് ഗോളുകള്‍ വഴങ്ങിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ട റയലിന്റെ അക്കൗണ്ടിലേക്ക് 80ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ആശ്വാസഗോള്‍ സമ്മാനിച്ചത്. ജയത്തോടെ റയലിനെ മറികടന്ന ഗ്രൂപ്പ് എച്ചില്‍  ഒന്നാമതെത്തിയതോടൊപ്പം അവസാന 16ലും ടോട്ടനം ഇടം കണ്ടെത്തി.
Next Story

RELATED STORIES

Share it