യുവേഫാ ചാംപ്യന്‍സ് ലീഗ് ; വമ്പന്‍മാര്‍ ഇന്ന് മുഖാമുഖം

ലണ്ടന്‍/റോം: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടങ്ങള്‍. ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യപാദ പ്രീക്വര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സനലിനെ എതിരിടുമ്പോള്‍ മുന്‍ ചാംപ്യന്‍മാരുടെ മാറ്റുരയ്ക്കലില്‍ ബയേണ്‍ മ്യൂണിക്ക് യുവന്റസുമായി കൊമ്പുകോര്‍ക്കും. ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്താനാണ് ടീമുകള്‍ പോരിനിറങ്ങുന്നത്. ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലേക്കാണ് തുടര്‍ച്ചയായ 32 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തുന്ന ബാഴ്‌സയെ ആഴ്‌സനല്‍ ക്ഷണിക്കുന്നത്. മികച്ച ആത്മവിശ്വസത്തിലെത്തുന്ന ബാഴ്‌സയെ പിടിച്ചുകെട്ടുകായെന്നത് ആഴ്‌സന്‍ വെങര്‍ പരിശീലിപ്പിക്കുന്ന ആഴ്‌സനലിന് കടുത്ത വെല്ലുവിളി കൂടിയാണ്. മികച്ച ഫോമിലുള്ള ലയണല്‍ മെസ്സി, ലൂയിസ് സുവാറസ്, നെയ്മര്‍ എന്നീ സൂപ്പര്‍ ത്രയങ്ങളില്‍ ഉജ്ജ്വല മുന്നേറ്റമാണ് സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ ബാഴ്‌സയുടെ കരുത്ത്. ഈ സീസണില്‍ സുവാറസ് ഇതിനോടകം 41 ഗോളുകളാണ് വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി ബാഴ്‌സയ്ക്കു വേണ്ടി അടിച്ചുകൂട്ടിയത്. 2011 സീസണില്‍ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ തന്നെയാണ് ബാഴ്‌സയും ആഴ്‌സനലും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇരുപാദങ്ങളിലായി 4-3ന് ബാഴ്‌സ ഗണ്ണേഴ്‌സിനെ മറികടക്കുകയായിരുന്നു. ഇരു ടീമും അവസാന അഞ്ചു മല്‍സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാഴ്‌സ മൂന്നെണ്ണത്തിലും ആഴ്‌സനല്‍ ഒരു മല്‍സരത്തിലും വിജയിച്ചു. എഫ്എ കപ്പില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഹള്‍ സിറ്റിക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതിനു ശേഷമാണ് ആഴ്‌സനല്‍ സ്വന്തം തട്ടകത്തില്‍ ശക്തരായ ബാഴ്‌സ എതിരിടാനൊരുങ്ങുന്നത്. ഹള്‍ സിറ്റിക്കെതിരേ വിശ്രമം അനുവദിച്ച മെസ്യുദ് ഓസില്‍ തിരിച്ചെത്തുന്നത് ആഴ്‌സനലിന് ആശ്വാസമാവും. അടുത്തമാസം 16ന് ബാഴ്‌സയുടെ ഹോംഗ്രൗണ്ടിലാണ് പ്രീക്വാര്‍ട്ടറിലെ രണ്ടാംപാദം അരങ്ങേറുന്നത്. അതേസമയം, ബയേണും യുവന്റസും കളിക്കളത്തില്‍ പോരടിക്കുമ്പോള്‍ അത് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുറപ്പ്. ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ ഈ സീസണിലും മികച്ച ഫോമിലാണ് കളിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ ഒന്നു പതറിയ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും ഫോമിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. ഇന്നത്തെ മല്‍സരം യുവന്റസിന്റെ തട്ടകത്തിലാണെന്നത് ബയേണിന് നേരിയ വെല്ലുവിളിയാണ്. ഇരു ടീമും അവസാനമായി അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ ബയേണും ഒരെണ്ണത്തില്‍ യുവന്റസും വെന്നിക്കൊടി നാട്ടി. നീണ്ട ഇടവേളയ്ക്കു ശേഷം പരിക്കില്‍ നിന്ന് മോചിതനായി ഫ്രാങ്ക് റിബറി ഇന്ന് ബയേണ്‍ നിരയില്‍ തിരിച്ചെത്തുമെന്ന് റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് ബയേണിനു വേണ്ടി മരിയോ മാന്‍ഡ്യുകിച്ചും യുവന്റസിനായി ജിയോര്‍ജിയോ ചില്ലിയേനി, അലെക്‌സ് സാന്‍ഡ്രോ എന്നിവരും ഇന്ന് കളിച്ചേക്കില്ലെന്നാണ് സൂചന. അടുത്തമാസം 16ന് ബയേണിന്റെ തട്ടകത്തിലാണ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദം അരങ്ങേറുന്നത്. അതിനാല്‍ തന്നെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ആദ്യപാദത്തില്‍ ലീഡ് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവന്റസ്.
Next Story

RELATED STORIES

Share it