kozhikode local

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍



താമരശ്ശേരി: കട്ടിപ്പാറ ചമലില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചമല്‍ കൊട്ടാരപ്പറമ്പില്‍ പി കെ ദിനേശന്റെ മകന്‍ ശ്രീനേഷ്(22) മരിച്ച സംഭവത്തിലാണ് അയല്‍വാസി കരോട്ട് ബൈജു തോമസ്(49), ഇയാളുടെ ബന്ധുക്കളായ കരോട്ട് കെ ജെ ജോസ്(52), വളവനാനിക്കല്‍ വി വി ജോസഫ്(ജോണി 57) എന്നിവരെ താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്. താമരശ്ശേരിയിലെ റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന ശ്രീനേഷ് ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. കുളിക്കാനായി മുറ്റത്തേക്കിറങ്ങിയ ശ്രീനേഷ് ഉറങ്ങിയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാവിലെയും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോസും ജോസഫും ചേര്‍ന്ന് നടത്തുന്ന കപ്പ കൃഷിയോട് ചേര്‍ന്നുള്ള ഇലക്ട്രിക് വേലിക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈജു തോമസിന്റെ വീട്ടില്‍ നിന്നാണ് വേലിയിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. സോളാര്‍ ഉപയോഗിച്ച് ശക്തി കുറഞ്ഞ വൈദ്യുതി കടത്തി വിടുന്നതിന് പകരം വീട്ടില്‍ നിന്നും നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് മരണത്തിന് കാരണമായത്. ഐപിസി 304 പ്രകാരം മനപൂര്‍വമുള്ള നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തത്. താമരശ്ശേരി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. അര്‍ധരാത്രിയില്‍ ശ്രീനേഷ് വയലില്‍ എത്താനുണ്ടായ സാഹചര്യം ദുരൂഹമാണ്. മൂന്നുമണിക്കൂറിലേറെ ദേഹത്തുകൂടെ വൈദ്യുതി പ്രവഹിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ല. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it