thrissur local

യുവാവ് രാജസ്ഥാനില്‍ കൊല്ലപ്പെട്ട സംഭവം : കേസ് ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ പോലിസ് ശ്രമം



എരുമപ്പെട്ടി: രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന  കടങ്ങോട് മണ്ടംപറമ്പ് സ്വദേശി വൈശാഖ് റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുമ്പോള്‍ ആത്മഹത്യയാണെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ പോലിസ്. മകന്റെ ഘാതകരെ കണ്ടെത്താന്‍ നിയമത്തിന്റെ വഴി തേടി അലയുകയാണ് മണ്ടംപറമ്പ് കോഴിക്കാട്ടില്‍ വിജയനും ഭാര്യ വത്സലയും. വിജയന്‍-വല്‍സല ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത മകനാണ് 22 കാരനായ വൈശാഖ്. രാജസ്ഥാനിലെ പ്രിസര്‍വ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓയില്‍ കമ്പനിയിലെ എഞ്ചിനിയറായ വൈശാഖ് വിജയനെ കഴിഞ്ഞ ഫെബ്രുവരി 24 നാണ് ബര്‍മറിലെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ പോലിസ് ആത്മഹത്യയാണെന്ന് എഴുതി തള്ളാന്‍ ശ്രമം ആരംഭിച്ചതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുരേന്ദ്രകുമാര്‍ ബഹാരി രംഗത്തെത്തുകയായിരുന്നു. മാരാകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചതിന്റെ ഭാഗമായി നിരവധി മുറിവുകളാണ് വൈശാഖിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. കൈകാലുകള്‍ തല്ലിയൊടിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് മൂന്ന് മണിക്കൂറിന് ശേഷം വൈശാഖിനെ റെയില്‍പാളത്തില്‍ കൊണ്ടുവന്നിടുകയായിരുന്നുവെന്ന് ഡോക്ടര്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാതെ ആത്മഹത്യയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാജസ്ഥാന്‍ പോലിസ്. മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് വൈശാഖ് നാട്ടില്‍ വന്ന് മടങ്ങിയത്. മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിലും പതിവ് പോലെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് തങ്ങളോട് സന്തോഷത്തോടെ ഏറെ നേരം സംസാരിച്ച മകന്‍ വൈശാഖിന് മാനസികമായോ സാമ്പത്തികമായോ പ്രയാസങ്ങള്‍ ഉണ്ടായിരുന്നില്ലായെന്നും മാതാപിതാക്കള്‍ പറയുന്നു. അത് കൊണ്ട് തന്നെയാണ് കൊലപാതകമാണെന്ന വിശ്വാസത്തില്‍ കുടുംബവും നാട്ടുകാരും ഉറച്ച് നില്‍ക്കുന്നത്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു പുരോഗതിയും ഇതുവരേയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മകന്റെ ഘാതകരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വിജയനും വത്സലയും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രധാന മന്ത്രി ഉള്‍പ്പടെയുള്ള കേന്ദ്ര-കേരള മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it