ernakulam local

യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം: മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു

മൂവാറ്റുപുഴ: യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തിലെ  പ്രതികളെ റിമാന്‍ഡ് ചെയ്തു. കോതമംഗലം തൃക്കാരിയൂര്‍ ആയക്കാട് കുന്നയ്ക്കാല്‍ ബിനോയി(45) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ മൂവാറ്റുപുഴ പണ്ടപ്പിള്ളി ആച്ചക്കോട്ടില്‍ ജയന്‍(52), വടക്കേക്കര മാത്യു ഐസക് (35), പൈകയില്‍ ടോമി (53)എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 6.30 ഓടെ പണ്ടപ്പിള്ളി മുല്ലപ്പടി അക്വഡേറ്റിനു സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബിനോയിയെ കണ്ടെത്തുകയയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലിസ്  ബിനോയിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍  എത്തിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു. തന്നെ മര്‍ദിച്ചവരെക്കുറിച്ച് മരിക്കുന്നതിനു മുമ്പ് ബിനോയി പോലിസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നു രാത്രി തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് പണ്ടപ്പിള്ളിയിലെത്തി പ്രതികളെ പിടികൂടി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൊലേറ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പു നടത്തി. ബിനോയിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഒന്നാം പ്രതിയായ ജയന് ഉണ്ടായിരുന്ന അവിഹിതബന്ധം ബിനോയി ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it