യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ഹരിപ്പാട്: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ബന്ധുവായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. വെട്ടുവേനി നെടിയത്ത് വീട്ടില്‍ പപ്പന്‍ ഷാജി എന്ന് വിളിക്കുന്ന രതീഷി (28) നെയാണ് ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തത്.
നങ്ങ്യാരുകുളങ്ങര കവലയ്ക്കു സമീപത്തെ ഒരു വീടിന്റെ ടെറസില്‍ നിന്നു കായംകുളം ഡിവൈഎസ്പി എസ് ഷിഹാബുദ്ദീന്‍, ഹരിപ്പാട് സിഐ ആര്‍ ജോസ്, എസ്‌ഐ എസ് എസ് ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ രാവിലെ ആറു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി എആര്‍ ക്യാംപിലെ പോലിസുകാരുള്‍പ്പെടെ 25 ഓളം പോലിസുകാര്‍ മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: പ്രതിയായ രതീഷ് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് പിതൃസഹോദരീപുത്രനായ നെടിയത്ത് വീട്ടില്‍ മോഹന്റെ മകന്‍ ധനേഷിനെ(25) തലയ്ക്ക് ബൈക്കിന്റെ ഷോക്കബ്‌സര്‍ബര്‍ ലിവര്‍ ഉപയോഗിച്ച് വീടിന്റെ മുറ്റത്തുവച്ച് അടിച്ചു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസിന് മൊഴി നല്‍കി. മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. അന്ന് ധനേഷിന്റെ അടിയേറ്റ് പ്രതിയായ രതീഷിന്റെ പല്ല് പോയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണം.
സ്ഥിരം മദ്യപാനിയായ രതീഷ് തമ്പാന്‍ കൊലക്കേസിലെ മൂന്നാം പ്രതിയാണ്. ഇതിനു പുറമെ ഒരു കൊലപാതക ശ്രമം ഉള്‍പ്പെടെ 15 ഓളം കേസുകളും ഇ യാളുടെ പേരിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it