thiruvananthapuram local

യുവാവ് കയത്തില്‍ മുങ്ങി മരിച്ചതില്‍ ദുരൂഹത; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

നെടുമങ്ങാട്: വാമനപുരം നദിയില്‍ ചെല്ലഞ്ചി പാലത്തിന് സമീപം കയത്തില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. ഇക്കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പനവൂര്‍ നെല്ലിക്കുന്ന് നുജൂം മന്‍സിലില്‍ അബ്ദുല്‍വഹാബ്- റാഹില ബീവി ദമ്പതികളുടെ മകനും അവിവാഹിതനുമായ നുജുമുദ്ദീന്‍ (26) ആണ് മുങ്ങി മരിച്ചത്. രാവിലെ ജോലിക്ക് ശേഷം ഉച്ചയ്ക്ക് 2 ഓടെ വീട്ടിലെത്തിയ സുഹൃത്തുക്കളായ നെല്ലിക്കുന്ന് സ്വദേശികളായ സുനില്‍, സുനില്‍കുമാര്‍ എന്നിവര്‍ കരിക്കുഴിയില്‍ ചുമുട്ടുതൊഴിലാളിയായ നുജമുദ്ദീനുമായി പാലോട് ചെല്ലഞ്ചി കടവില്‍ എത്തുകയായിരുന്നു.
ഇവിടെ ഇരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ നുജുമുദ്ദീനെ നദിയില്‍ തള്ളുകയായിരുന്നു. വേനല്‍ ശക്തമായതിനാല്‍ നീരൊഴുക്ക് കുറവായിരുന്നതിനാല്‍ കരയില്‍ എത്തിയ ഇയാളെ സുഹൃത്തുക്കള്‍ വീണ്ടും മൂന്നുതവണ വെള്ളത്തിലേക്ക് തള്ളിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നീന്തല്‍ അറിയില്ലെന്നും വെള്ളത്തില്‍ തള്ളരുതെന്നും നുജുമുദ്ദീന്‍ യാചിച്ചെങ്കിലും സുഹൃത്തുക്കള്‍ ഇയാളെ വീണ്ടും നദിയിലെ കയത്തിലേക്ക് തള്ളുകയായിരുന്നു. കണ്ടുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ ആട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളുടെ നിലവിളികേട്ട് നദിക്ക് അക്കരെ നിന്നും കൂടുതല്‍ ആളുകളെത്തി സുഹൃത്തുക്കളെ പിടിച്ചുനിറുത്തിയ ശേഷം കയത്തില്‍ നിന്നും നുജുമുദ്ദീനെ കരക്കെടുത്തപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. രക്ഷിക്കാന്‍ യാചിച്ചിട്ടും നീന്തല്‍ അറിയാവുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താതിരിക്കുകയും നാട്ടുകാരെ ആട്ടിയോടിച്ചതിലും സംശയം തോന്നിയ പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. 30 ഓളം കിലോമീറ്റര്‍ താണ്ടിയാണ് സുഹൃത്തുക്കള്‍ നുജുമുദ്ദീനെ ചെല്ലഞ്ചി കടവില്‍ എത്തിച്ചത്. ഇതിലും ദുരൂഹത വര്‍ധിക്കുകയാണ്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും ഗൂഡാലോചന നടന്നിട്ടുള്ളതായും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നതായി പാലോട് പോലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മയ്യിത്ത് പനവൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദരിദ്ര കുടുംബത്തിലെ ഏക അത്താണിയാണ് മരിച്ച നുജുമുദ്ദീന്‍. സഹോദരി സനൂജ ബീഗം.
Next Story

RELATED STORIES

Share it