Flash News

യുവാവിന് മര്‍ദനം; നാല് പോലിസുകാര്‍ക്കെതിരേ കേസെടുത്തു

യുവാവിന് മര്‍ദനം; നാല് പോലിസുകാര്‍ക്കെതിരേ കേസെടുത്തു
X

ആലുവ: പോലിസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു പോലിസുകാര്‍ക്കെതിരേ കേസെടുത്തു. എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാനെ (39) കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് നാലു പോലിസുകാര്‍ക്കെതിരേ കേസെടുത്തത്. എടത്തല പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ പുഷ്പരാജ്, ഇന്ദുചൂഡന്‍, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ഇതില്‍ പുഷ്പരാജ്, ജലീല്‍, അഫ്‌സല്‍ എന്നിവരെ എആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഇന്ദുചൂഡന്‍ നിലവില്‍ മറ്റൊരു സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ്. നാലുപേര്‍ക്കെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്.

പോക്‌സോ കേസിലെ പ്രതിയെ പിടികൂടി കാറില്‍ കൊണ്ടുവരുന്നതു വഴി പോലിസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഉസ്മാനെതിരേ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ എടത്തല സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.
Next Story

RELATED STORIES

Share it