Flash News

യുവാവിന്റെ വൃക്ക മോഷ്ടിച്ച ഡോക്ടര്‍മാര്‍ക്കെതിരേ കേസ്



ബാരാബങ്കി/ ലഖ്‌നോ: ചികില്‍സയ്ക്കിടയില്‍ യുവാവിന്റെ വൃക്ക മോഷ്ടിച്ചുവെന്ന പരാതിയില്‍ ലഖനോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാല (കെജിഎംയു) യിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. എന്നാല്‍, വൃക്ക മോഷ്ടിച്ചുവെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.  പൂരെ ഭവാനി ഗ്രാമത്തിലെ പ്രിഥ്വിരാജ് (23) ആണ് തന്റെ വൃക്കകളിലൊന്ന് ഡോക്ടര്‍മാര്‍ മോഷ്ടിച്ചതായി പരാതി നല്‍കിയത്. വയറ് വേദനയെ തുടര്‍ന്നാണ് 2015 ഫെബ്രുവരിയില്‍ പ്രിഥ്വിരാജ് ജില്ലാ ആശുപത്രിയിലെത്തിയത്. അവിടെ നിന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് മാറ്റി. 2015 മാര്‍ച്ചില്‍ ആശുപത്രി വിടുകയും ചെയ്തു. വീണ്ടും വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രിഥ്വിരാജിനെ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് വലത്തെ വൃക്ക കാണാതായ വിവരമറിയുന്നത്. മനുഷ്യാവയവം മാറ്റിവയ്ക്കല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വഞ്ചനാകുറ്റത്തിനും കേസുണ്ട്. പോലിസ് സൂപ്രണ്ട് വൈഭവ് കൃഷ്ണനാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ യുപി മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ടോണ്ടന്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നെഫ്‌റോളജി വിഭാഗം തലവന്‍ പ്രഫ. ആര്‍ കെ ശര്‍മയുടെ നേതൃത്വത്തില്‍ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. അതെസമയം, ട്രോമ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക എടുത്തു മാറ്റുക അസാധ്യമാണെന്ന് കെജിഎയു വക്താവ് പറഞ്ഞു. 2015ല്‍ വൃക്ക മാറ്റി വയ്ക്കാനുള്ള സൗകര്യം കെജിഎയുവില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it