kasaragod local

യുവാവിന്റെ മരണം: പോലിസിനെതിരേ കേസെടുക്കണമെന്ന് നാട്ടുകാര്‍

കാസര്‍കോട്: പോലിസും ആ ര്‍ടിഒ അധികൃതരും തിരക്കേറിയ സ്ഥലങ്ങളില്‍ വാഹന പരിശോധന നടത്തുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതുകൂടാതെ പോലിസ് മൊബൈല്‍ പട്രോളിങ് നടത്തുന്ന ബൈക്കുകളില്‍ സഞ്ചരിക്കുന്ന പോലിസുകാരും ഇരുചക്രവാഹനക്കാരെ വേട്ടയാടുന്നതും പതിവായി.
കഴിഞ്ഞ ദിവസം രാത്രി അണങ്കൂര്‍ മെഹബൂബ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പോലിസുകാര്‍ അതുവഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എംബിഎ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയും ചെയ്തു.
ഇതോടെ പോലിസിനെതിരെ ജനരോഷം ശക്തമാവുകയാണ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ മുബാറക് മസ്ജിദ് പരിസരം, ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരം, പ്രസ്‌ക്ലബ്ബ് ജങ്ഷന്‍, എയര്‍ലൈസന്‍സ് ജങ്ഷന്‍, കറന്തക്കാട്, പുതിയ ബസ് സ്റ്റാന്റ് പരിസരം, നുള്ളിപ്പാടി ഭജനമന്ദിര പരിസരം, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, ഇന്ദിരാനഗര്‍, സന്തോഷ് നഗര്‍ തുടങ്ങിയ ദേശീയപാതയോരത്തെ തിരക്കുള്ള സ്ഥലത്താണ് രാവിലേയും വൈകിട്ടും ഉച്ചയ്ക്കും പോലിസും ആര്‍ടിഒ അധികൃതരും മാറി മാറി പരിശോധന നടത്തി യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വിലങ്ങുതടിയാകുന്നത്.
ഇതിന് പുറമെ ഹോം ഗാര്‍ഡും ട്രാഫിക് പോലിസും വാഹന പരിശോധന നടത്തുന്നുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് തിരക്കേറിയ സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി പരിശോധന നടത്തുന്നത്. ചില ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് യാത്രക്കാരെ ഇറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. ഇങ്ങനെ പിടികൂടുന്ന ബൈക്കുകളില്‍ നിന്ന് വന്‍തുകയാണ് പിഴയീടാക്കുന്നത്. ഇതിന് പുറമെ ബൈക്കുകള്‍ കേടുവരുത്തുന്നതായും പരാതിയുണ്ട്. രാത്രികാല വാഹന പരിശോധന പല ഭാഗത്തും കുറവാണ്.
മണല്‍ കടത്ത് സംഘത്തിന് ഒത്താശ ചെയ്യാന്‍ ചില പോലിസുകാര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെയാണ് അണങ്കൂര്‍ മെഹബൂബ് റോഡില്‍ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന പോലിസുകാര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചത്. ഇതിനിടയിലാണ് കാറിടിച്ച് ഒരു ജീവന്‍ നഷ്ടപ്പെട്ടത്. ബൈക്ക് പിടികൂടുന്നതിനെ ചോദ്യം ചെയ്താല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതും പതിവായിട്ടുണ്ട്.
Next Story

RELATED STORIES

Share it