യുവാവിന്റെ മരണം: നാട്ടുകാര്‍ മൃതദേഹവുമായി ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു

ചാലക്കുടി: യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ യുവാവിന്റെ മൃതദേഹവുമായി ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. ചായ്പന്‍കുഴി മാതൃകാ ഫോറസ്റ്റ് ഓഫിസാണ് ഇന്നലെ 12ഓടെ നാട്ടുകാര്‍ ഉപരോധിച്ചത്. രണ്ടുകൈ സ്വദേശി കൈനിക്കര സന്തോഷ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
ഇയാളെ കൊന്നക്കുഴി ഫോറസ്റ്റര്‍ രവീന്ദ്രന്‍ ഒരു കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിലുള്ള മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സന്തോഷിനെ ബസ് സ്‌റ്റോപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ഉത്തരവാദിയായ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാതെ മൃതദേഹം നീക്കംചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. അടുത്തദിവസം നടപടിയുണ്ടാവുമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പില്‍ പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച 10മണിയായിട്ടും നടപടിയുണ്ടായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതുമില്ല. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹവുമായി ആംബുലന്‍സില്‍ ചായ്പന്‍കുഴി മാതൃകാ വനംവകുപ്പ് ഓഫിസിലെത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി ഡിഎഫ്ഒ സി വി പ്രസാദ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. ആംബുലന്‍സില്‍ നിന്നു മൃതദേഹം ഓഫിസ് വരാന്തയില്‍ കൊണ്ടുവച്ചു.
ഒടുവില്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സിസിഎഫിന് ഉടന്‍ സമര്‍പ്പിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാക്കാമെന്നും ഡിഎഫ്ഒ ഉറപ്പുനല്‍കിയതോടെ മൃതദേഹവുമായി നാട്ടുകാര്‍ തിരിച്ചുപോവുകയായിരുന്നു.



Next Story

RELATED STORIES

Share it