യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

തൊടുപുഴ: വണ്ടന്മേട് സ്വദേശി സെന്‍ഡ്രി പെരുമാളി(27)ന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സഹോദരനായ ആദിനാരായണ(34)നെയാണ് വണ്ടന്മേട് പോലിസ് ഇതുമായി ബന്ധപ്പെട്ടു പിടികൂടിയത്. അപകടമരണമെന്ന് എഴുതിത്തള്ളിയ കേസില്‍ നിര്‍ണായകമായത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ടാണ്. തമിഴ്‌നാട് സ്വദേശിയും വണ്ടന്മേട്ടില്‍ വര്‍ഷങ്ങളായി താമസിക്കുകയും ചെയ്യുന്ന മല്ലികവിലാസം സെന്‍ഡ്രി പെരുമാളി(27)ന്റെ മരണമാണ് കൊലപാതകമെന്നു തെളിഞ്ഞത്.
സംഭവം നടന്ന ഫെബ്രുവരി മൂന്നിന് ബന്ധുവിന്റെ മരണവിട്ടിലെത്തിയ സെന്‍ഡ്രി പെരുമാള്‍ മദ്യപിച്ച് സമീപവാസികളെയും ബന്ധുക്കളെയും ചീത്തവിളിച്ചു. ഇതിനിടെ മാനസികാസ്വാസ്ഥ്യത്തിനു ചികില്‍സയില്‍ കഴിഞ്ഞിരുന്ന സെല്‍വം എന്ന യുവാവും സെന്‍ഡ്രിയുമായി വാക്കേറ്റമുണ്ടായി. ഒടുവില്‍ സെല്‍വത്തെ ഇടിക്കാന്‍ കല്ലെടുത്ത സെന്‍ഡ്രിയെ ആദിനാരായണന്‍ പിന്നില്‍ നിന്നു തലയ്ക്കടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനു കാരണമായത്. ഇവര്‍ തമ്മിലുള്ള വഴക്കു തുടര്‍ന്നതിനാലാണ് വടിയെടുത്ത് തലയ്ക്കടിച്ചതെന്ന് നാരായണന്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. തമിഴരുടെ ഇടയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ തലയ്ക്ക് അടി കൊടുത്താണു വളര്‍ത്തുന്നത്. ഇത്തരത്തില്‍ അടികൊടുത്തപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതായാണ് പോലിസ് പറയുന്നത്.
മരണത്തില്‍ ദുരൂഹതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തലിനെ തുടര്‍ന്ന് വണ്ടന്മേട് പോലിസ് കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്. വഴിയില്‍ വിണ് തലയ്ക്ക് പരിക്കേറ്റെന്നു പറഞ്ഞാണ് സെന്‍ഡ്രിയെ പുറ്റടിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ബന്ധുക്കള്‍ സെന്‍ഡ്രിയെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഫെബ്രുവരി എട്ടിനാണ് മരണം സംഭവിച്ചത്. അഞ്ചു ദിവസവും സെന്‍ഡ്രി അബോധാവസ്ഥയിലായിരുന്നു.
തലയ്ക്കടിയേറ്റ് മരണം സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചത്. എന്നാല്‍, അസ്വാഭാവിക മരണത്തിനു കേസെടുത്ത് വണ്ടന്മേട് പോലിസ് ഫയല്‍ ക്ലോസ് ചെയ്തു. സെന്‍ഡ്രി പെരുമാളിന്റെ മരണത്തെ അപകടമരണമാക്കി മാറ്റാന്‍ രാഷ്ട്രീയ ഇടപെടലുമുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ചിനും വിവരം ലഭിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിനെ തുടര്‍ന്ന് ജില്ല പോലിസ് മേധാവി കേസ് പുനരന്വേഷിക്കാന്‍ കട്ടപ്പന ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കട്ടപ്പന സിഐ ബി ഹരികുമാര്‍, വണ്ടന്മേട് എസ്‌ഐ അസീസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it