wayanad local

യുവാവിന്റെ മരണംഅന്വേഷണം കൂടുതല്‍ പേരിലേക്ക്‌

വെള്ളമുണ്ട: വ്യാജ ചികിത്സയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. മാനന്തവാടി ഡിവൈഎസ്പി യുടെ മേല്‍നോട്ടത്തില്‍ വെള്ളമുണ്ട എസ്‌ഐ പി എസ് ജിതേഷ് ആണ് കേസന്വേഷിക്കുന്നത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെയും നാട്ടുകാരെയും പോലിസ് വിളിച്ചു വരുത്തി ചേദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ഇവരില്‍ ആര്‍ക്കെങ്കിലും സിദ്ധനുമായി നേരത്തെ ബന്ധമുണ്ടായിരുന്നോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളില്‍ ചിലരും സംശയത്തിന്റെ നിഴലിലാണ്. മലപ്പുറത്തുള്ള ഒരു സ്ത്രീയാണ് കുടുംബത്തിലെ സ്ത്രീയെ തീര്‍ഥാടനകേന്ദ്രത്തില്‍ വച്ച് പരിചയപ്പെട്ട് സകല രോഗങ്ങള്‍ക്കും പ്രതിവിധിയായി സിദ്ദനെ ക്കുറിച്ച് വിവരം നല്‍കിയതെന്നും പിന്നീട് സിദ്ധന് കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സ്ത്രീ നല്‍കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഈ വിവരങ്ങളാണ് സിദ്ധന്‍ ദിവ്യജ്ഞാനത്തിലൂടെയെന്ന നിലക്ക് വെള്ളമുണ്ടയിലെ കുടുംബത്തെ ധരിപ്പിച്ചത്. ഇത്തരത്തില്‍ വിശ്വാസം നേടിയെടുത്താണ് സാമ്പത്തിക ലക്ഷ്യം വെച്ച് സിദ്ധന്‍ കരുക്കള്‍ നീക്കിയതെന്ന് പറയുന്നു.
മരണപ്പെട്ട അഷ്‌റഫിനെ താമസിപ്പിച്ച ദര്‍ഗ്ഗയില്‍ യാതൊരു ചികില്‍സയും നല്‍കിയിരുന്നില്ലെന്നാണ് വിവരം. ദര്‍ഗ്ഗയിലുള്ള കിണറില്‍ നിന്നും നല്‍കുന്ന വെള്ളം മാത്രമായിരുന്നു ചങ്ങലയില്‍ ബന്ധിച്ച രോഗികള്‍ക്ക് നല്‍കിയിരുന്നത്. തമിഴ്‌നാട് കന്യാകുമാരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് തിങ്കളാഴ്ചയോടെ ലഭിച്ചാല്‍ കൂടുതല്‍ ചികിത്സാവിവരങ്ങള്‍ ലഭിക്കുകയും ആവശ്യമെങ്കില്‍ നിലവിലെ പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്യും. എന്നാല്‍ സ്വന്തം മകന്‍ വ്യാജചികിത്സയിലൂടെ മരണപ്പെട്ടിട്ടും പ്രതിയായി കണക്കാക്കുന്ന സിദ്ധനെതിരെ യാതൊരു പരാതിയും ഉന്നയിക്കാത്ത കുടംബത്തിന്റെ സാഹചര്യമാണ് പോലിസിനെ ആശ്ചര്യപ്പെടുത്തുന്നത്.
പ്രതിയായ സിദ്ധന്‍ മലപ്പുറം സെയ്തു മുഹമ്മദിനെ അറസ്റ്റ് ചെയ്തതില്‍ ഇപ്പോഴും കുടുംബാഗംങ്ങള്‍ പ്രതിഷേധത്തിലാണ്. പ്രതികളില്‍ നിന്നും കുടംബത്തെ മോചിപ്പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ കൂട്ടമരണം നടന്നേക്കുമായിരുന്നുവെന്നും അത്തരത്തില്‍ കുടുംബത്തെ മാസ്മരിക വലയത്തിലാക്കാന്‍ സിദ്ധന്റെ പ്രവൃത്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമാണ് പോലിസ് കരുതുന്നത്. ഡല്‍ഹിയില്‍ പതിനൊന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിലെ മാതൃകയിലുള്ള രീതികളാണ് സിദ്ധന്‍ പ്രയോഗിച്ചതെന്നും പോലിസിന് സംശയമുണ്ട്.
Next Story

RELATED STORIES

Share it