ernakulam local

യുവാവിന്റെ കാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനസൃഷ്ടിച്ചു

കൊച്ചി: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല സന്ദര്‍ശകരുടെ ബസ്സുമായി കൂട്ടിയിടിച്ച് കാല്‍മുട്ടിനു താഴെ പൂര്‍ണമായും തകര്‍ന്ന യുവാവിന്റെ വലതുകാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനസൃഷ്ടിച്ചു. പത്തനംതിട്ട തുലാപ്പള്ളി പേഡികയില്‍ ജോര്‍ജിനാണ് എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വലതുകാല്‍ തിരിച്ചു കിട്ടിയത്. ജനുവരി എട്ടിന് രാത്രിയാണ് ജോര്‍ജിനെ സ്‌പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലില്‍ എത്തിച്ചത്. റബര്‍വെട്ടു തൊഴിലാളിയായ ജോര്‍ജ് ഈ മാസം ഏഴിന് ഉച്ചയ്ക്ക് സ്വകാര്യ ആവശ്യത്തിനായി വട്ടപ്പാറയിലുള്ള വീട്ടില്‍ നിന്നും തലപ്പള്ളിയിലേയ്ക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബസ്സിന്റെ പിന്‍ചക്രം കാലില്‍ത്തട്ടി ജോര്‍ജ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിലെ ഞരമ്പുകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു പോയതിനാല്‍ കൂടുതല്‍ വിദഗ്ധ ചികില്‍സയ്ക്കായി സ്‌പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിവാഹതിനായ ജോര്‍ജ് വൃദ്ധരായ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ശസ്ത്രക്രിയയ്ക്ക് ഡോ. സെന്തില്‍കുമാര്‍, ഡോ. മനോജ് സനാപ്, ഡോ. ബിനു, ഡോ. രാജന്‍  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it