Kottayam Local

യുവാവിന്റെ ആത്മഹത്യാ ഭീഷണി; ചങ്ങനാശ്ശേരി നഗരം മുള്‍മുനയിലായത് ആറു മണിക്കൂര്‍

ചങ്ങനാശ്ശേരി: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണിക്ക് അറുതിയായത് ആറു മണിക്കൂര്‍ നേരത്തെ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിനു ശേഷം.
ഇന്നലെ രാവിലെ 11ഓടെയാണ് ആത്മഹത്യാഭീഷണി മുഴക്കി മാന്നാനം കുന്നുംപുറം ബിനീഷ് എംസി റോഡില്‍ വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയത്. ബിനീഷ് തന്നെയാണ് ടവറിന് മുകളില്‍ക്കയറിയ കാര്യം ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയിക്കുന്നത്. ബാഗുമായി ബിനീഷ് കെട്ടിടത്തിനു മുകളില്‍ കയറുമ്പോള്‍ ടവറിലെ ജോലിക്കാരാണെന്നാണു കണ്ടുനിന്നവര്‍ ധരിച്ചിരുന്നത്. ടവറിന് മുകളിലേക്ക് കയറുമ്പോള്‍ അടുത്ത് കടകളിലിരുന്നവരെ ബിനീഷ് കൈകൊട്ടി വിളിച്ച് തന്റെ സാന്നിധ്യം അറിയിച്ചു. എന്നാല്‍, എന്താണ് കാര്യമെന്ന് ആദ്യമാര്‍ക്കും മനസ്സിലായില്ല.
ഒരു മണിവരെ ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായതോടെ ബിനീഷ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തിയതോടെയാണ് ആത്മഹത്യാഭീഷണിയാണെന്ന വിവരം പുറത്താവുന്നത്. തുടര്‍ന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വന്‍ജനാവലി സംഭവസ്ഥലത്തേക്കെത്തി.
ഏതാണ്ട് ടവറിന്റെ മുക്കാല്‍ ഭാഗത്തോളം ബിനീഷ് കയറിയിരുന്നു. കനത്ത ചൂടായതിനാല്‍ അപകടം കണക്കിലെടുത്ത് തറയില്‍ വലകെട്ടാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടങ്ങി. എന്നാല്‍, വലകെട്ടിയാല്‍ ചാടുമെന്ന ബിനീഷിന്റെ ഭീഷണിക്കു വഴങ്ങി ഉദ്യോഗസ്ഥര്‍ ഇതില്‍നിന്ന് പിന്‍വാങ്ങി. അതേസമയം, ടവറില്‍ നിന്ന് താഴേക്ക് വീണാല്‍ കെട്ടിടത്തിനു മുകളില്‍ പതിക്കാതിരിക്കാനായി താഴെ വടംകെട്ടി ഫയര്‍ഫോഴ്‌സ് ബലപ്പെടുത്തിയിരുന്നു. നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും പലതവണ അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും ബിനീഷ് വഴങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് നേരത്തെ കേസ് കൈകാര്യം ചെയ്ത ചങ്ങനാശ്ശേരി ബാറിലെ അഡ്വ. മാധവന്‍പിള്ള പറഞ്ഞാല്‍ അനുസരിക്കാമെന്നു ബിനീഷ് ഫോണിലൂടെ അറിയിച്ചത്.
വിവരമറിഞ്ഞ് മാധവന്‍പിള്ള സ്ഥലത്തെത്തി ബിനീഷുമായി സംസാരിച്ച് താഴെയിറക്കിയതോടെയാണ് പോലിസിന്റെയും ജനങ്ങളുടെയും ഭീതിയൊഴിഞ്ഞത്.
Next Story

RELATED STORIES

Share it