യുവാവിന്റെ ആത്മഹത്യഫോട്ടോകള്‍ കൈമാറിയ അഡ്മിന്‍ അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പാലയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ആക്രമണത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അറസ്റ്റില്‍. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍ പങ്കുവച്ച, ഗ്രൂപ്പിന്റെ അഡ്മിനായ കുറ്റിപ്പാല മൂച്ചിക്കല്‍ അബ്ദുല്‍ നാസറിനെ (23)യാണ് തിരൂര്‍ സിഐ ടി അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്.
കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദിനെയാണ് (23) ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ 31ന് യുവാവ് ആത്മഹത്യചെയ്തത്. സാജിദിന്റെ ആത്മഹത്യാകുറിപ്പും പോലിസിന് ലഭിച്ചിരുന്നു. അറസ്റ്റിലായ അബ്ദുല്‍ നാസറിന്റെ സഹോദരന്‍ സഹീറാണ് സാജിദിനെ അക്രമിക്കുന്ന ഫോട്ടോകള്‍ പകര്‍ത്തിയതും ഇവ സോഷ്യല്‍മീഡിയയില്‍ ആദ്യമായി പങ്കുവച്ചതെന്നുമാണു പോലിസിന്റെ പ്രാഥമിക നിഗമനം. ഒളിവിലുള്ള സഹീറിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അബ്ദുല്‍ നാസര്‍ അഡ്മിനായ 'നിലപ്പറമ്പ് സൗഹൃദ കൂട്ടായ്മ' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് സഹീറാണ് ഫോട്ടോ ഷെയര്‍ചെയ്തതെന്നു പോലിസ് കണ്ടെത്തി. പത്തോളംപേര്‍ മാത്രമുള്ള ഈഗ്രൂപ്പില്‍നിന്നും മറ്റുള്ളവര്‍ ഈഫോട്ടോകള്‍ ഷെയര്‍ചെയ്യുകയായിരുന്നു. ഇതിനുപുറമെ സഹീറിന്റെ ശബ്ദരേഖയും ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നും പോലിസ് കണ്ടെത്തി. സോഷ്യല്‍മിഡിയ വഴി ഫോട്ടോപ്രചരിപ്പിച്ച സംഭവത്തില്‍ പത്തോളംപേരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ 31ന് രാത്രിയാണ് സാജിദ് തൂങ്ങിമരിച്ചത്.

Next Story

RELATED STORIES

Share it