kozhikode local

യുവാവിന്റെ അറസ്റ്റ് അന്യായമെന്ന്; ആദിവാസികള്‍ ധര്‍ണ നടത്തി

താമരശ്ശേരി: വനത്തില്‍ നിന്നും മരം മുറിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ആദിവാസികള്‍ താമരശ്ശേരി വനം വകുപ്പ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
മുത്തപ്പന്‍പുഴ അംബേദ്കര്‍ ആദിവാസി കോളനിയിലെ സന്തോഷിനെയാണ് വ്യാഴാഴ്ച വനപാലകര്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ വനപ്രദേശത്തുനിന്നും മരം മുറിച്ച കേസിലെ എട്ടോളം പ്രതികള്‍ കോടതിയില്‍ ഹാജറാവാത്തതിനെ തുടര്‍ന്ന് കോടതി വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാറന്‍ഡുമായി വനപാലകര്‍ കോളനിയിലെത്തിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. വനപാലകര്‍ക്കെതിരെ തിരുവമ്പാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി ഓട്ടോയില്‍ മടങ്ങവെയാണ് സന്തോഷിനെ വലപാലകര്‍ കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ പ്രതികളായ മുഴുവന്‍ ആദിവാസികളെയും കോടതിയില്‍ ഹാജറാക്കി ജാമ്യത്തിലിറക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദിവാസികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വനപ്രദേശത്ത് അതിക്രമിച്ചു കയറി മരം മുറിച്ച കേസിലെ പ്രതിയെ കോടതി നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നു വനം വകുപ്പ് ജീവനക്കാര്‍ പറയുന്നു. വനപാലകരെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കോടതി വാറന്റ് നടപ്പാക്കാനെത്തിയ വനപാലകരെ തടഞ്ഞുവെച്ച് കൃത്യവിലോപം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. ആദിവാസികളെ ഉപയോഗപ്പെടുത്തി ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് വനം മാഫിയ ശ്രമിക്കുന്നതെന്നും വനപാലകര്‍ ആരോപിച്ചു. മേഖല പ്രസിഡന്റ് കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ ബിജേഷ്, കെ ഷാജീവ്, ദീപേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it