യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍

മണ്ണഞ്ചേരി: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാര്‍ഡില്‍ ആര്യാട് കോളനിയില്‍ സുജിത്തിനെ (34)യാണ് റിമാന്‍ഡ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രീതികുളങ്ങര ഗോപാലന്‍ പറമ്പില്‍ മധുവിന്റെയും സുശീലയുടെയും മകന്‍ സുജിത്തി (25)നെയാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ആര്യാട് നോര്‍ത്ത് കോളനിയില്‍ മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പോലിസ് എത്തിയപ്പോള്‍ യുവാവ് വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്.
പോലിസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
സംശയകരമായ സാഹചര്യത്തില്‍ വീടിനു സമീപം അര്‍ധരാത്രി കണ്ടയാളെ വെട്ടുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍, കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് അന്വേഷണ ചുമതലയുള്ള സിഐ നവാസ് പറഞ്ഞു. തലയിലും കൈകളിലും കാലിലുമായി എട്ടോളം മുറിവുകളാണ് ഉണ്ടായിരുന്നത്. വിരലുകള്‍ പലതും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപം മല്‍പിടിത്തം നടന്നതിന്റെ ലക്ഷണമുണ്ട്. കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ കിണറ്റില്‍ നിന്നു കണ്ടെടുത്തു. സംഭവത്തിനു ശേഷം മോഷ്ടാവിനെ പിടിച്ചുവച്ചിട്ടുണ്ടെന്നു പറഞ്ഞു പ്രതി തന്നെയാണ് പോലിസിനെ വിളിച്ചത്. പോലിസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ തന്നെയാണ് യുവാവിനെ വീടിന് മുന്നിലെ വഴിയില്‍ കൊണ്ടിട്ടത്. ചോര പുരണ്ട ഉടുപ്പ് കഴുകിയ ശേഷം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രതി പോലിസില്‍ വിവരമറിയിച്ചത്. മരിച്ച സുജിത് പ്രതിയുടെ അകന്ന ബന്ധുകൂടിയാണ്. ഇയാള്‍ എന്തിനാണ് അര്‍ധരാത്രി പ്രതിയുടെ വീട്ടിലെത്തിയത് എന്നതിനെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. രാത്രി അത്താഴം കഴിച്ചശേഷം സുഹൃത്തിനെ കാണാന്‍ പോവുന്നുവെന്നു പറഞ്ഞാണ് സുജിത് പോയതെന്നു ബന്ധുക്കള്‍ പറയുന്നു. മാരാരിക്കുളം സിഐ നവാസാണ് കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, പോലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Next Story

RELATED STORIES

Share it