Flash News

യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം : സൈനികന് മെഡല്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനം വിവാദത്തില്‍

യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം : സൈനികന് മെഡല്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനം വിവാദത്തില്‍
X


കെ എ സലിം

ന്യൂഡല്‍ഹി: കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ സൈനിക ബഹുമതി നല്‍കി ആദരിച്ച നടപടി വിവാദത്തില്‍. കലാപത്തിനെതിരായ മികച്ച സേവനത്തിനാണ് ഗൊഗോയ്ക്ക് ആര്‍മി ചീഫ് കമാന്‍ഡേഴ്‌സണ്‍ കാര്‍ഡ് ബഹുമതി ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ നിരവധി പേര്‍ വിമര്‍ശിച്ചു. കഴിഞ്ഞമാസം ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹ്മദ് ഖാനെ (26) സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദമായിരുന്നു. മേജര്‍ ഗൊഗോയിക്കെതിരായ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 1949ലെ ജനീവാ കണ്‍വന്‍ഷന്‍ പ്രകാരം സംഘര്‍ഷ സാഹചര്യങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍പ്പെടും. ഈ നടപടി ഇന്ത്യന്‍ നിയമപ്രകാരവും കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് സൈനികന് ബഹുമതി നല്‍കിയ നടപടി വിവാദമായിരിക്കുന്നത്. ചാരനെന്നാരോപിച്ച് പാകിസ്താന്‍ അറസ്റ്റ്‌ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ഹേഗിലെ യുഎന്‍ രാജ്യാന്തര കോടതിയില്‍ നിയമയുദ്ധം നടത്തിവരികയാണ്. പാകിസ്താന്‍ വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള രാജ്യാന്തരനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യ കോടതിയില്‍ തുടക്കത്തില്‍ അനുകൂലവിധി സമ്പാദിച്ചത്. ഇതിനുപിന്നാലെയാണ് രാജ്യാന്തരനിയമപ്രകാരം തെറ്റുചെയ്ത സൈനികനെ ഇന്ത്യ ബഹുമതി നല്‍കി ആദരിച്ചതെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് കുറ്റപ്പെടുത്തി. താഴ്‌വരയിലെ പ്രശ്‌നം കലുഷിതമാക്കാന്‍ മാത്രമെ ഈ നടപടി സഹായിക്കൂവെന്ന് ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു. ആ കേസിലെ അന്വേഷണം പോലും പൂര്‍ത്തിയാവാതെയാണ് മേജറെ ആദരിച്ചത്.  ഇതുപോലുള്ള സംഭവങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈന്യത്തെ വ്യക്തിഗത നേട്ടത്തിനുപയോഗിക്കുകയാണ് പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് സുബോധ് കാന്ത് സഹായ് ആരോപിച്ചു. മോദിസര്‍ക്കാരിന്റെ അതേ ശൈലിയിലാണ് സൈന്യവും പ്രവര്‍ത്തിക്കുന്നത്. അന്വേഷണം അവസാനിക്കും മുമ്പ് മേജറിനെ ആദരിക്കരുതായിരുന്നുവെന്നും സുബോധ് പറഞ്ഞു. കശ്മീരികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ട സമയത്ത് ഇത്തരത്തലല്ല സൈന്യം ചെയ്യേണ്ടിയിരുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരിച്ചു. മോദി സര്‍ക്കാരിന് കശ്മീര്‍ വിഷയത്തില്‍ യാതൊരു നയവുമില്ലെന്ന് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി പറഞ്ഞു.ജമ്മു കശ്മീരിലെ പ്രതിപക്ഷകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സും നടപടിയെ അലപിച്ചു. മേജറുടെ തെറ്റായ നടപടിയെ അംഗീകരിക്കുകയാണ് ആദരിക്കുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് ജൂനൈദ് മാറ്റോ പറഞ്ഞു. മേജറിനെ ആദരിച്ച നടപടി കശ്മീര്‍ ജനതയെ ഞെട്ടിച്ചെന്ന് ഹുര്‍രിയ്യത്ത് നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖ് ആരോപിച്ചു. കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ആദരിക്കുന്നതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശൈലിയെന്നതിനു തെളിവാണിതെന്നും മിര്‍വായിസ് പറഞ്ഞു.അതേസമയം, മനുഷ്യകവചമാക്കിയതിനു പിന്നാലെ മേജര്‍ക്കെതിരേ ബാരാമുള്ള പൊലിസ് എടുത്ത കേസ് റദ്ദാക്കില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ അഹമ്മദ് ഖാന്‍ പ്രതികരിച്ചു.എന്നാല്‍, ഇനിയൊരിക്കലും വോട്ട്‌ചെയ്യില്ലെന്നും വോട്ടെടുപ്പ് ദിവസം പുറത്തേക്കിറങ്ങില്ലെന്നും സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ധര്‍ പറഞ്ഞു. സാധാരണക്കാരെ ദ്രോഹിക്കുന്നവര്‍ക്ക് ബഹുമതി ലഭിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ താന്‍ പ്രതികരിക്കാനില്ല. കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍  മൃഗമൊന്നുമല്ലല്ലോ? മേജര്‍ ഗൊഗോയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ വടിയെടുത്ത് നേരിടാന്‍ എനിക്ക് പറ്റില്ല. അന്നത്തെ സംഭവത്തെത്തുടര്‍ന്നുള്ള ശരീരവേദന ഇപ്പോഴും മാറിയിട്ടില്ല ഫാറൂഖ് പറഞ്ഞു. തനിക്കെതിരേ ഒരു പെറ്റി കേസ് പോലും ഇല്ലെന്നും താനിതുവരെ സൈന്യത്തെ കല്ലെറിഞ്ഞിട്ടില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞു.
Next Story

RELATED STORIES

Share it