യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം: പ്രതി അറസ്റ്റില്‍

ചാലക്കുടി: വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നുമുറി ഒമ്പതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ ബിനീത് (29) എന്ന കരിമണിയെയാണ് കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്നു പിടികൂടിയത്. നിരവധി വധശ്രമം, കവര്‍ച്ച, അടിപിടി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ കരിമണിയെന്ന് പോലിസ് അറിയിച്ചു
കഴിഞ്ഞ 19ന് മൂന്നുമുറിയിലെ ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ ബിനീതും മറ്റു രണ്ടു യുവാക്കളുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, യുവാക്കളുടെ കൈയിലുണ്ടായിരുന്ന പെട്രോള്‍ കുപ്പി തട്ടിപ്പറിച്ച് യുവാക്കളില്‍ ഒരാളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനു പുറമെ യുവാക്കളുടെ ബൈക്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന്, സ്വന്തം സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്തു.
പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. തലയ്ക്ക് പരിക്കേറ്റ കരിമണി പിന്നീട് സ്‌കൂട്ടറില്‍ കൊയമ്പത്തൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജില്ലാ റൂറല്‍ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇയാള്‍ ചികില്‍സയ്ക്കായി വന്നിരുന്നതായും ചില ദിവസങ്ങളില്‍ പകല്‍ സമയം ഇയാള്‍ ആശുപത്രി പരിസരങ്ങളില്‍ ചെലവഴിക്കുന്നതായും പോലിസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് ആശുപത്രി പരിസരത്ത് നിരീക്ഷണം നടത്തിവന്ന പോലിസ് കഴിഞ്ഞ ദിവസം കരിമണിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരേ കാപ്പ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലിസ് അറിയിച്ചു. ക്രൈം സ്‌ക്വാഡ് എസ്‌ഐ വി എസ് വല്‍സകുമാര്‍, പി എം മൂസ, വി യു സില്‍ജോ, ഷിജോ തോമസ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it