യുവാവിനെ കുത്തിക്കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പെര്‍ള (കാസര്‍കോട്): പെരുമ്പാവൂര്‍ സ്വദേശിയെ കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ കുത്തിക്കൊന്ന് പുഴയിലെറിഞ്ഞ കേസില്‍ രണ്ടുപേരെ കര്‍ണാടക പുത്തൂര്‍ പോലിസ് കാസര്‍കോട്ട് നിന്ന് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണി(28)യെയാണ് കൊലപ്പെടുത്തിയത്. ആലുവ സ്വദേശി ഔറംഗസീബ് (37), പാലക്കാട് ആലത്തൂര്‍ സ്വദേശി ഷംനാസ് (23) എന്നിവരെയാണ് ഡിസിഐബി ഇന്‍സ്‌പെക്ടര്‍ സുനില്‍ വൈ നായകിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊലയാളിസംഘത്തില്‍ മറ്റ് ഏതാനും പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ ഔറംഗസീബ് ആലുവയില്‍ മൂന്നു വധശ്രമക്കേസിലും ഒരു അക്രമക്കേസിലും പ്രതിയാണെന്നും കളമശ്ശേരി പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ വധശ്രമക്കേസും കവര്‍ച്ചക്കേസുമുണ്ടെന്നും ആംസ് ആക്റ്റ് അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ഇയാ ള്‍ ഉള്‍പ്പെട്ട അക്രമിസംഘം ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചതെന്നും കൊലയ്ക്കു മുമ്പ് ഈ കാര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്ത് നിര്‍ത്തിയിരുന്നതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാ ല്‍, പ്രസ്തുത കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ ഉണ്ണിക്കുട്ടന്‍ എന്ന ഉണ്ണി (28)യുടെ ജഡം തിങ്കളാഴ്ച രാവിലെയാണ് ഉപ്പിനങ്ങാടി പുഴയില്‍ അഴുകിയ നിലയില്‍ കണ്ടത്. മൃതദേഹത്തിന്റെ നെഞ്ചത്ത് കുത്തേറ്റതിന്റെ മുറിവും അടിയേറ്റ പാടുകളും ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 2014ല്‍ സ്പിരിറ്റ് കടത്തു കേസിലെ പ്രതിയാണ് ഉണ്ണിക്കുട്ടന്‍. ഇതിനു പുറമേ ഹവാല, മയക്കുമരുന്ന് കേസ് എന്നിവയിലും ഇയാള്‍ പ്രതിയാണ്. ഒരാഴ്ച മുമ്പ് നാലംഗസംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ നിന്ന് ഉണ്ണിയെ കൂട്ടിക്കൊണ്ടു പോയതെന്ന് ഇയാളുടെ മരുമകന്‍ പുത്തൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it