thiruvananthapuram local

യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം : ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍



വര്‍ക്കല: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിളവീട്ടില്‍ ടോണിയെ  കൊ ല്ലാന്‍ ശ്രമിച്ചതിനാലാണ് കോയമ്പത്തൂര്‍-പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണ(28)നെ വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 12ന് വര്‍ക്കല റയില്‍വേ സ്റ്റേഷനിലാണ് സംഭവം. പോലിസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ രണ്ടാഴ്ചമുമ്പ് കല്ലമ്പലം ഭാഗത്ത് വച്ച് വാഹനാപകടത്തില്‍പെട്ട പ്രതി ബാലകൃഷ്ണനെ ടോണി കേസില്‍പെടാതെ രക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. ടോണി ജോലി നോക്കുന്ന കല്ലമ്പലത്തെ സ്വകാര്യസ്ഥാപനത്തില്‍ ബാലകൃഷ്ണന് ജോലി വാങ്ങി നല്‍കുകയും ചെയ്തു. ഇതിനിടെ തൊഴിലിടത്തെ മറ്റൊരു തൊഴിലാളി ആനന്ദുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ബാലകൃഷ്ണന്‍ ആനന്ദിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സമയം ടോണി ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ തന്നെ കുറ്റപ്പെടുത്തിയതിലുള്ള വിരോധം പകയായി മനസ്സില്‍ സൂക്ഷിച്ച ബാലകൃഷ്ണന്‍ ടോണിയെ വകവരുത്താന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. ആനന്ദുമായി വീണ്ടും കലഹിക്കാന്‍ ഇടയുണ്ടെന്ന് കണ്ട് ടോണി ഇടപെട്ട് ആനന്ദിനെ തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ടോണിയും ആനന്ദും വര്‍ക്കല റയില്‍വേ സ്‌റ്റേഷനില്‍ എത്തി. ഇവര്‍ക്കൊപ്പം ബാലകൃഷ്ണനും കൂടിയിരുന്നു. ട്രെയിന്‍ സ്റ്റേഷനിലെത്തി ആനന്ദ് യാത്രക്കൊരുമ്പെടുന്നതിനിടെ ബാലകൃഷ്ണന്‍ ടോണിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ടോണിയുടെ കഴുത്ത് കീറിയ ശേഷം ഓടി പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു. സംഭവമറിഞ്ഞെത്തിയ വര്‍ക്കല സിഐ പി വി രമേശ്കുമാര്‍, എസ്‌ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ റയില്‍വേ പോലിസും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ പൊള്ളാച്ചിയില്‍ ബൈക്ക് കത്തിച്ച കേസില്‍ ഏഴ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി പോലിസ് വെളിപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ടോണിയെ വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് ശസ്ത്രക്രി യക്ക് വിധേയമാക്കി.
Next Story

RELATED STORIES

Share it