യുവാവിനെ അല്‍ഖാഇദയുടെ പേരുപറഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

മുഹമ്മദ് പടന്ന

മുംബൈ: മലയാളി യുവാവിനെ പാകിസ്താനിയെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചതിനു പിന്നാലെ അഭിഭാഷകനായ മുസ്്‌ലിം യുവാവിനെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന മുറിയിലടച്ച് മര്‍ദ്ദിച്ചതായി പരാതി. മോയിന്‍ ഖാന്‍ എന്ന അഭിഭാഷകനെയും സഹായിയായ ഇമ്രാന്‍ ഖാനെയും സാന്താക്രൂസ് വാക്കോല പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഉദ്യോസ്ഥനായ അശോക് പാട്ടീലും മറ്റു പോലിസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ ശബാന ഖാന്‍ തേജസിനോടു പറഞ്ഞു.കേസ് സംബന്ധമായ കാര്യങ്ങള്‍ക്ക് പോലിസിനെതിരേയുള്ള കോടതി ഉത്തരവ് പാട്ടീല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ സഹായിയുടെ കൈയില്‍ നിന്നും ഉത്തരവ് സ്വീകരിക്കാന്‍ വിസമ്മതിച്ചതുമൂലം സ്റ്റേഷനിലെത്തിയ മോയിന്‍ ഖാനെ ഇടുങ്ങിയ മുറിയിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. നിങ്ങളൊക്കെ അല്‍ഖാഇദയുടെ ആള്‍ക്കാരാണെന്നും ഞങ്ങളോട് കളിക്കരുതെന്നും യുവാവിനോട് പോലിസ് പറഞ്ഞു. പോലിസിനെതിരേ കേസെടുക്കാന്‍ വിസമ്മതിച്ച വാക്കോല പോലിസ് സ്‌റ്റേഷനധികൃതരുടെ നടപടി മൂലം ഡിസിപി വിരേന്ദ്ര മിശ്രയ്ക്കു പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് മോയിന്‍ പറഞ്ഞു. പോലിസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിനെ നേരിട്ട് സന്ദര്‍ശിച്ച് പരാതി നല്‍കാനാണ് യുവാവിന്റെ തീരുമാനം.മര്‍ദ്ദിച്ചതിനു പുറമെ  25,000 രൂപയോളം പോലിസുകാര്‍ തട്ടിയെടുത്തതായും മോയിന്റെ പരാതിയില്‍ പറയുന്നു. പോലിസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പോലിസ് മര്‍ദ്ദനത്തില്‍ കഴുത്തിനേറ്റ പരിക്കിനെക്കുറിച്ചും മറ്റും മെഡിക്കല്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it