kozhikode local

യുവാവിനെയും മക്കളെയും അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ആശുപത്രിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാവിനേയും മക്കളേയും അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.
ചെറുവറ്റ ചോമത്തൂര്‍ നൗഷാദ് (39), ചോമത്തൂര്‍ അഷ്‌റഫ് (45), മൂഴിക്കല്‍ പടിഞ്ഞാറേ കോരോലോത്ത് മുജീബ് (40), കൊടുവള്ളി വാടിപറ്റ ഫസലു റഹ്മാന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് നാജിയ മന്‍സിലില്‍ നവാസ് (39), മകള്‍ നാജിയ നസ്‌റിന്‍ (17), മകന്‍ നബീല്‍ അജ്മല്‍ (15) എന്നിവര്‍ക്ക് പരുക്കേറ്റ കേസിലാണ് അറസ്റ്റ്. മാര്‍ച്ച് നാലിന് രാത്രിയാണ് സംഭവം. ചേവായൂര്‍ എസ്‌ഐ ഇ കെ ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത നാലുപേരേയും ജാമ്യത്തില്‍ വിട്ടു.
ചെലവൂരിനു സമീപം രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. മല്‍സ്യഫെഡ് ജീവനക്കാരനായ നവാസും കുടുംബവും പാലക്കോട്ടുവയലിലെ വാടകവീട്ടിലാണ് താമസം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തു നിന്നും വീട്ടിലേക്കു മടങ്ങവേ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലില്‍ കയറുകയായിരുന്നു. പാര്‍ക്കിങ് സ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്ന നവാസിന്റെ ദേഹത്ത് നാലംഗസംഘത്തിന്റെ കാര്‍ തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ ദേഹത്തു തട്ടിയത് ചോദ്യം ചെയ്ത നവാസിനെ കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച മക്കളെയും കൈയ്യേറ്റം ചെയ്തതായാണ് പരാതി. സംഭവത്തില്‍ ചേവായൂര്‍ പോലിസിന് പരാതി നല്‍കിയതിന് പുറമേ സിറ്റി പോലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it