Districts

യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ല: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കെ.പി.സി.സി. നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു യുവാക്കളെ ഒഴിവാക്കുകയാണെന്ന ആരോപണവുമായി കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും രംഗത്ത്. യുവാക്കള്‍ക്ക് 35 ശതമാനം പ്രാതിനിധ്യമെന്ന കെ.പി.സി.സിയുടെ തീരുമാനത്തിലെ ആത്മാര്‍ഥത വാക്കുകളിലല്ല പ്രവൃത്തിയിലും വേണമെന്ന് കെ.എസ്.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി വൈ ഷാജഹാന്‍ ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന കമ്മിറ്റികളിലോ സ്ഥാനാര്‍ഥി പട്ടികയിലോ യുവാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ല. 50ഉം, 60ഉം വയസ്സുളളവര്‍ക്കും ഭര്‍ത്താവിന് മല്‍സരിക്കാന്‍ സാധിക്കാത്തിടത്ത് ഭാര്യക്കും, ഭാര്യക്കു മല്‍സരിക്കാന്‍ സാധിക്കാത്തിടത്ത് ഭര്‍ത്താവിനും ഇതിന് രണ്ടിനും പറ്റാത്തിടത്ത് മക്കള്‍ക്കും, മരുമക്കള്‍ക്കും ആണ് സീറ്റ് പരിഗണനയിലുള്ളത്. യുവജന പ്രസ്ഥാനങ്ങളിലൂടെ വന്ന നേതാക്കന്‍മാരാണ് ഇന്ന് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നതെന്ന കാര്യം ഓര്‍മ വേണം.

സീറ്റ് ആവശ്യപ്പെട്ടവരോട് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പോയി മല്‍സരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. അടിയന്തരമായി കെ.പി.സി.സി. നേതൃത്വം വിഷയത്തില്‍ ഇടപെട്ട് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു.കെ.പി.സി.സി. നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യുവാക്കളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന ശൈലിയാണ് പാര്‍ട്ടി നേതൃത്വം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒട്ടേറെ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെയും നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഒരു ഘട്ടത്തിലും പങ്കെടുപ്പിക്കാതെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ 78 അംഗങ്ങളില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി. പ്രസിഡന്റിനും എ.ഐ.സി.സി. നേതൃത്വത്തിനും കത്തു നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ കെ.പി.സി.സി. പ്രസിഡന്റ് ജില്ലാ നേതൃത്വങ്ങള്‍ക്ക് രണ്ടാമതും ഒരു സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതിനെയും പാടെ അവഗണിക്കുന്ന നിലപാടാണ് ജില്ലാ നേതൃത്വങ്ങള്‍ സ്വീകരിക്കുന്നതെന്നും ഡീന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it