palakkad local

യുവാക്കളെ തൊഴില്‍ പ്രാപ്തരാക്കാന്‍ കൗശല്‍ കേന്ദ്രയ്ക്ക് കഴിയും: മന്ത്രി

ആനക്കര: യുവതീയുവാക്കളെ തൊഴിലിന് പ്രാപ്തരായി വളര്‍ത്തിയെടുക്കാന്‍ കൗശല്‍കേന്ദ്രയ്ക്കു കഴിയുമെന്നു മന്ത്രി ഷിബുബേബി ജോണ്‍. സംസ്ഥാനത്തെ മൂന്നാമത്തെ കൗശല്‍കേന്ദ്ര കൂറ്റനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയല്ല, തൊഴിലെടുക്കാനുള്ള പ്രാപ്തിയാണ് കേരളത്തിലെ യുവാക്കളുടെ പ്രശ്‌നം.
വിദ്യാഭ്യാസമെന്നതു പാഠപുസ്തകത്തിലുള്ളതു മാത്രം പഠിച്ച് പരീക്ഷയില്‍ വിജയിക്കുക എന്നതു മാത്രമാവുന്നു. എന്നാല്‍, തൊഴിലിനായി ചെല്ലുമ്പോള്‍ പാഠപുസ്തകങ്ങളിലുള്ള അറിവിനേക്കാള്‍ പ്രാധാന്യം തൊഴില്‍ വൈദഗ്ധ്യത്തിനാണ്. അതിനുള്ള പ്രാപ്തിയാണ് കൂടിക്കാഴ്ചകളില്‍ പരിശോധിക്കപ്പെടുന്നത്. വിഷയത്തില്‍ അറിവുണ്ടെങ്കിലും അതു പ്രകടിപ്പിക്കാനുള്ള കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍ ഇല്ലാത്തതാണ് വലിയ പ്രശ്‌നം. ഒരു വ്യക്തിയിലുള്ള കഴിവിനെയും അഭിരുചിയെയും പരിപോഷിപ്പിക്കാനുള്ള പരിശീലനമാണ് കൗശല്‍കേന്ദ്രയിലുള്ളത്. തന്റെ മണ്ഡലത്തില്‍ ഇതിനകം രണ്ടായിരത്തോളം പേര്‍ കൗശല്‍കേന്ദ്രയുടെ സേവനം ഉപയോഗപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊഴില്‍ നൈപുണ്യ രംഗത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കാഴ്ചപ്പാട് രൂപീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കാന്‍ മന്ത്രി ഷിബു ബേബി ജോണിന് സാധിച്ചതായി വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. മികച്ച പരിശീലനം ലഭിക്കുന്നതോടെ തൊഴില്‍ദാതാക്കളുടെ മുന്നിലേക്ക് ആത്മവിശ്വാസത്തോടെ യുവാക്കള്‍ക്ക് കടന്നുചെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ എംഡി ആര്‍ രാഹുല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി ബാലകൃഷ്ണന്‍, യു ഹൈദ്രോസ്, എസ് എം കെ തങ്ങള്‍, മുഹമ്മദലി, ദാസ് പടിക്കല്‍ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മിനി കൗശല്‍മേള എന്ന പേരില്‍ സെമിനാറും സ്‌കില്‍ഫുളി യുവേഴ്‌സ് - സംസ്ഥാന തല ക്വിസ് മല്‍സരത്തിന്റെ മേഖലാതല മല്‍സരവും നടന്നു.
Next Story

RELATED STORIES

Share it