World

യുവാക്കളുടെ തിരോധാനം; മെക്‌സിക്കോയില്‍ വ്യാപക പ്രതിഷേധം

മെക്‌സിക്കോ സിറ്റി: കൗമാരക്കാരും യുവാക്കളുമായ ആയിരക്കണക്കിനു പേരെ കാണാതാവുന്നതില്‍ പ്രതിഷേധിച്ച് മെക്‌സിക്കോയില്‍ വന്‍ പ്രതിഷേധം. കാണാതാവുന്ന യുവാക്കളുടെ എണ്ണം പകര്‍ച്ചവ്യാധി പോലെ വര്‍ധിക്കുകയാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ കാണാതായ മൂന്നു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ മരണം സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധം. വിദ്യാര്‍ഥികളെ ജലിസ്‌കോ ന്യൂ ജനറേഷന്‍ എന്ന ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതായി മെക്‌സിക്കന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫിസ് തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. മെക്‌സിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 15,516 പേരെ കാണാതായിട്ടുണ്ട്. ഇവരെല്ലാം 13നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. കാണാതായവരെ കണ്ടെത്താന്‍ അധികൃതര്‍ കാര്യക്ഷമമായ നടപടികളെടുക്കുന്നില്ലെന്നു പ്രക്ഷോഭകര്‍ ആരോപിച്ചു.
മെക്‌സിക്കോ സിറ്റിയിലെ കോളജില്‍ നിന്നു 2014ല്‍ കാണാതായ 43 വിദ്യാര്‍ഥികളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 1968ലെ മെക്‌സിക്കോ സിറ്റിയില്‍ നടന്ന കൂട്ടക്കൊലയുടെ വാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെയാണ് കാണാതായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് പോലിസ് തടഞ്ഞതായി റിപോര്‍ട്ടുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിനിടെ 32,000 പേരെ കാണാതായതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it