യുവസമൂഹം പറയുന്നതു കേള്‍ക്കുക'

മയക്കുമരുന്നു വിരുദ്ധദിനം  ഇന്ന്  -  ടി  പി  രാമകൃഷ്ണന്‍

ആദ്യം കേള്‍ക്കൂ'- ഈ വര്‍ഷത്തെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ഉയര്‍ത്തുന്ന സന്ദേശമാണിത്. കുട്ടികളും യുവാക്കളും മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കും ഇരകളാവുന്നതില്‍ കുടുംബപശ്ചാത്തലവും നിര്‍ണായക ഘടകമാവുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ സന്ദേശം സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പറയാനുള്ളതു കേള്‍ക്കുകയാണ് അവര്‍ വഴിതെറ്റിപ്പോവാതിരിക്കുന്നതിനും കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുമുള്ള പ്രധാന മാര്‍ഗമെന്ന് സന്ദേശം ഓര്‍മിപ്പിക്കുന്നു. കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാവും. പക്ഷേ, രക്ഷിതാക്കള്‍ക്ക് അതിനു ചെവികൊടുക്കാന്‍ സമയമില്ല. മക്കള്‍ പറയുന്നതു കേള്‍ക്കാതിരിക്കുന്നതിനു നിരത്താന്‍ ന്യായങ്ങള്‍ ഒരുപാടുണ്ടുതാനും. ജോലിയും സാമൂഹികജീവിതവുമായി ബന്ധപ്പെട്ട നൂറുകൂട്ടം തിരക്കുകള്‍. ഒടുവില്‍ 'ഞങ്ങള്‍ കഷ്ടപ്പെടുന്നതെല്ലാം നിങ്ങളുടെ ഭാവിക്കു വേണ്ടി' എന്ന ന്യായീകരണം. ബാല്യത്തിലായാലും യൗവനത്തിലായാലും മക്കള്‍ക്കു പറയാനുള്ളതു കേള്‍ക്കുകയെന്ന ബാധ്യത നിറവേറ്റപ്പെടാതെ പോവുന്നത് അവരുടെ ഒറ്റപ്പെടലിനും മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്കുമാണു വഴിതുറക്കുക.
ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നുകളുടെ വര്‍ധിച്ച ഉപയോഗവും വിപണനവും. മയക്കുമരുന്നുകള്‍ അവ ഉപയോഗിക്കുന്നവരില്‍ വിഭ്രാന്തി, അകാരണമായ ഭീതി, ആകുലത, മിഥ്യാബോധം, കുറ്റവാസന തുടങ്ങിയവ സൃഷ്ടിക്കുന്നു. ഓരോ വ്യക്തിയിലും ഇതു വ്യത്യസ്ത പ്രതികരണമാണുണ്ടാക്കുക. പക്വതയോടെയുള്ള പെരുമാറ്റമോ ബോധപൂര്‍വമുള്ള പ്രതികരണമോ ഇവരില്‍ നിന്നു പ്രതീക്ഷിക്കാനാവില്ല. കൗമാരക്കാരെയും യുവാക്കളെയുമാണ് ലഹരിമാഫിയ ലക്ഷ്യമിടുന്നത്. ലഹരിമാഫിയയുടെ വേരറുക്കുന്നതിന് അവരുടെ പ്രധാന ഇരകളായ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനം നടത്തുന്നതിന് പ്രാധാന്യം നല്‍കണം. ഊര്‍ജസ്വലതയും കര്‍മശേഷിയുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിന് മയക്കുമരുന്നുകളും ലഹരിവസ്തുക്കളും എത്രമാത്രം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയാണ് 1987 ഡിസംബര്‍ 7നു ചേര്‍ന്ന ഐക്യരാഷ്ട്രസഭാസമ്മേളനം എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
കേരളത്തിന് തനതായ ഒരു വികസനമാതൃകയുണ്ട്. മറ്റു പല മേഖലകളിലുമെന്നപോലെ കുട്ടികളുടെ ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ മികച്ച സാമൂഹിക സാഹചര്യങ്ങളും ഉയര്‍ന്ന സാക്ഷരതാനിരക്കും ജീവിതനിലവാരവും ആരോഗ്യനിലവാരവും അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതാണ്. അതേസമയം, കുട്ടികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്ന വിഷയമായിരിക്കുകയാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഒരുക്കാന്‍ കഷ്ടപ്പെടുന്നതായി പറയുമ്പോഴും രക്ഷിതാക്കളില്‍ പലരും മക്കള്‍ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനോ അവരെ അതില്‍ നിന്നു മോചിപ്പിക്കാനോ ശ്രമിക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗം അവരെ നശിപ്പിക്കുന്ന ഘട്ടത്തിലാണു പലരും കണ്ണുതുറക്കുന്നത്. അവരുടെ കൂട്ടുകെട്ടുകളും പ്രവൃത്തിയും കൂട്ടുകാരുടെ പശ്ചാത്തലവുമൊക്കെ രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം. നല്ല കൂട്ടുകെട്ടുകളെ പ്രോല്‍സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടുകളില്‍ നിന്നു പിന്തിരിപ്പിക്കുകയും വേണം. കുട്ടികളുമായുള്ള സൗഹൃദം അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും ലഹരിയുടെ വലയങ്ങളിലെത്തുന്നതു തടയാനും സഹായിക്കും. കുടുംബാന്തരീക്ഷത്തില്‍ എന്തും തുറന്നുപറയാന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടാവണം. വികാരങ്ങളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളോട് മുഖംതിരിക്കാനും അവരെ പ്രാപ്തരാക്കണം. അനാവശ്യമായി കുറ്റപ്പെടുത്തുകയും മറ്റുള്ളവരോട് താരതമ്യം ചെയ്യുകയും പരിഹസിക്കുകയുമല്ല വേണ്ടത്. അവരെ കേള്‍ക്കുകയും സ്‌നേഹത്തോടെ മറുപടി നല്‍കുകയും വേണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. കുട്ടികള്‍ക്ക് ദിശാബോധം പകരുകയും വഴികാട്ടിയാവുകയും ചെയ്യുന്ന ഓരോ അധ്യാപകനും ലഹരിയുടെ പിടിയിലകപ്പെടാതെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനാവും.
മയക്കുമരുന്നിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് റെക്കോഡ് സൃഷ്ടിച്ചു. മയക്കുമരുന്നുകളും ഇതര ലഹരിപദാര്‍ഥങ്ങളും വിദ്യാര്‍ഥികളിലും യുവാക്കളിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നതു സംബന്ധിച്ച് പഠനം നടത്തി ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ലഹരിമുക്ത സമൂഹമാണു നമ്മുടെ ലക്ഷ്യം. ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കൊപ്പം മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും മാരക ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും അനിവാര്യമാണ്.                                                     ി

(തൊഴില്‍, നൈപുണി, എക്‌സൈസ്
മന്ത്രിയാണു ലേഖകന്‍.)
Next Story

RELATED STORIES

Share it