യുവസംരംഭകരുമായി വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് യുവ സംരംഭകരുമായി സംവദിച്ചും ആശയങ്ങള്‍ പങ്കുവച്ചും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ എത്തിയാണ് രാഹുല്‍ യുവസംരംഭകരെ കണ്ടത്. സ്വതന്ത്രചിന്തയുടെ പ്രോല്‍സാഹനവും സഹിഷ്ണുതയുമാണ് രാഷ്ട്രത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് അടിത്തറയാകേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. ഡിജിറ്റല്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ കുറിച്ച് ഒരു വശത്ത് ഉദ്‌ഘോഷിക്കുകയും മറുവശത്ത് വിഭിന്നങ്ങളായ ആശയങ്ങളോട് അസഹിഷ്ണുത വച്ചു പുലര്‍ത്തുകയും ചെയ്യുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളിലും യുവാക്കളിലും ആശയങ്ങളുടെ സ്വതന്ത്ര പ്രകാശനം അനുവദിക്കുന്നതിലൂടെ മാത്രമേ നൂതനമായ ആവിഷ്‌കാരങ്ങളുണ്ടാകൂ. സ്റ്റാര്‍ട്ടപ്പ് പോലുള്ള സംരംഭങ്ങളുടെ ആത്മാവ് ഇത്തരം ആത്മപ്രകാശനത്തിലാണ് ഉള്‍ക്കൊള്ളുന്നത്. വിശാലമായ മനഃസ്ഥിതി വച്ചു പുലര്‍ത്താനും സ്വതന്ത്രമായി ചിന്തിക്കാനും യുവാക്കള്‍ക്ക് കഴിയണം. ഇതിന് കഴിയാതെ വരുമ്പോഴാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയും പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരവും പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. അമേരിക്കയിലെ ഐടി കേന്ദ്രമായ സിലിക്കണ്‍ വാലിയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്തിനെയും ഉള്‍ക്കൊള്ളുന്ന അവിടത്തെ അന്തരീക്ഷമാണ്. വസ്ത്രധാരണ രീതിയോ, നിറമോ, ലിംഗവ്യത്യാസങ്ങളോ ബാധകമാവാതെ സ്വതന്ത്രമായ പ്രവര്‍ത്തനം അവിടെ സാധ്യമാണ്. ഇത്തരമൊരു സാഹചര്യം ഇന്ത്യയിലെ ഗവേഷണ, വികസനമേഖലകളില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ഐടിയും സ്റ്റാര്‍ട്ടപ്പും അടക്കമുള്ള വ്യവസായങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാരിന്റെ ചുമതല. കേരളം ഇക്കാര്യത്തില്‍ രാജ്യത്തിന് മാതൃകയാണെന്ന് രാഹുല്‍ പറഞ്ഞു. ടെക്‌നോളജി ഇന്നവേഷന്‍ സോണിനു കീഴിലെ 32 സംരംഭകരാണ് രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയത്. മന്ത്രി രമേശ് ചെന്നിത്തല, എംഎല്‍എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it