kozhikode local

യുവമോര്‍ച്ച മാര്‍ച്ച് നടത്തി; ക്രമസമാധാനം തകരുന്നതിനാല്‍ പണി നിര്‍ത്താന്‍ പോലിസ് ഉത്തരവ്‌

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ ഖനനത്തിനായി ക്വാറി മാഫിയ നടത്തുന്ന പ്രവര്‍ത്തനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ജിയോളജി വകുപ്പിന്റെയോ മറ്റ് പരിസ്ഥിതി വകുപ്പിന്റെയോ അനുമതിയില്ലാതെ നടത്തുന്ന ഒരു പ്രവര്‍ത്തിയും ഉടുമ്പിറങ്ങി മലയില്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി പ്രവൃത്തി തടഞ്ഞത്. ഇതിനിടയില്‍ സ്ഥലത്തെത്തിയ വളയം എസ്‌ഐ പി എല്‍ ബിനുലാലിന്റെ നേതൃത്വത്തിലെത്തിയ പോലിസ് ക്വാറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു.മലയോരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ രേഖകള്‍ ഹാജരാക്കിയതിന് ശേഷം മതി നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് വളയം എസ്‌ഐ പറഞ്ഞു. യുവജന സംഘടനകള്‍ നടത്തുന്ന സമരം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാമെന്നും അതിനാലാണ് നിര്‍മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ടതെന്നും പോലിസ് പറഞ്ഞു.
രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ക്വാറിയിലുള്ള ജെസിബിയും, ഹിറ്റാച്ചിയും കസ്റ്റഡിയിലെടുക്കുമെന്നും പോലിസ് പറഞ്ഞു. ക്വാറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് തൊഴിലാളികളെയും പോലിസ് പിന്നീട് വിട്ടയച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം സിനൂബ് രാജ്, ജില്ലാ പ്രസിഡന്റ് ഇ ശാലു, ജില്ലാ സെക്രട്ടറി എം സി അനീഷ്, മണ്ഡലം പ്രസിഡന്റ് വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it