യുവന്റസ്, പിഎസ്ജി, ബെന്‍ഫിക്ക, അത്‌ലറ്റികോ നോക്കൗട്ട് റൗണ്ടില്‍

ലണ്ടന്‍/റോം: നിലവിലെ റണ്ണറപ്പായ യുവന്റസ്, ഫ്രഞ്ച് ജേതാക്കളായ പിഎസ്ജി, സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡ്, പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്ക എന്നിവര്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ട്‌റൗണ്ടില്‍ ഇടംപിടിച്ചു.
ഗ്രൂപ്പ് എയില്‍ പിഎസ്ജി 5-0ന് മാല്‍മോയെയും ഗ്രൂപ്പ് ഡിയില്‍ യുവന്റസ് 1-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെയും ഗ്രൂപ്പ് സിയില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ഗലാത്‌സരെയെയും തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ അസ്താനയുമായി 2-2ന് സമനില വഴങ്ങിയെങ്കിലും ബെന്‍ഫിക്ക അവസാന 16ലേക്കു ടിക്കറ്റെടുത്തു.
മറ്റു മല്‍രങ്ങളില്‍ ഗ്രൂപ്പ് എയില്‍ റയല്‍ മാഡ്രിഡ് 4-3ന് ഷക്തര്‍ ഡൊണെസ്‌കിനെയും ഗ്രൂപ്പ് ബിയില്‍ വോള്‍ഫ്‌സ്ബര്‍ഗ് 2-0ന് സിഎസ്‌കെഎ മോസ്‌കോയെയും പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിഎസ്‌വി ഗോള്‍രഹിതമായി കുരുക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്ക് 4-നു സെവിയ്യയെ തകര്‍ത്തുവിട്ടു.
ഡിമരിയ ഡബിളില്‍
പിഎസ്ജി
അര്‍ജന്റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ടഗോള്‍ പ്രകടനമാണ് സ്വീഡിഷ് ടീം മാല്‍മോയ്‌ക്കെതിരേ പിഎസ്ജിക്ക് 5-0ന്റെ ആധികാരിക ജയം സമ്മാനിച്ചത്. 14, 68 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. അഡ്രിയേന്‍ റാബിയോറ്റ് (മൂന്നാം മിനിറ്റ്), സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (50), ലൂക്കാസ് മൗറ (82) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
അതേസമയം, 4-0ന്റെ അനായാസജയത്തിലേക്ക് കുതിച്ച റയലിനെതിരേ അവസാന 13 മിനിറ്റിനിടെ മൂന്നു ഗോള്‍ നേടിയ ഷക്തര്‍ വിറപ്പിച്ചാണ് കീഴടങ്ങിയത്. പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി ഇരട്ടഗോള്‍ നേടിയപ്പോള്‍ ലൂക്കാ മോഡ്രിച്ചും ഡാനിയേല്‍ കര്‍വാജാലും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
അവസരങ്ങള്‍ തുലച്ച്
മാഞ്ചസ്റ്റര്‍
ഗോളവസരങ്ങള്‍ തുലച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പി എസ്‌വിയുമായി ഗോള്‍രഹിത സമനില വഴങ്ങിയത്. ഇതോടെ വോള്‍ഫ്‌സ്ബര്‍ഗിനെതിരായ അവസാന മല്‍സരം മാഞ്ചസ്റ്ററിനു നിര്‍ണായകമായി മാറി.
അതേസമയം, ഗ്രൂപ്പ് ഡിയിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ മരിയോ മാന്‍ഡ്യുകിച്ച് 18ാം മിനിറ്റില്‍ നേടിയ ഗോളാണ് യുവന്റസിനു ജയം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it