യുവനടി ആക്രമിക്കപ്പെട്ട കേസ്: അഭിഭാഷകരുടെ ഹരജി തള്ളി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകരായ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ പ്രതികളായ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരാണ് ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കുമെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിചാരണ നടത്തി മാത്രമേ ഇരുവരുടെയും നിരപരാധിത്വം തെളിയിക്കാനാവൂവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. കേസിലെ ഒന്നാംപ്രതിയുടെ അഭിഭാഷകരായിരുന്നു ഇരുവരും. മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ ആരോപണമുയര്‍ന്നത്. കേസിലെ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവുന്നതിനു വേണ്ടി തുടരെ തുടരെ ഹരജികള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന രേഖകളെല്ലാം പ്രതികള്‍ക്കു നല്‍കാന്‍ കോടതി നേരത്തേ തന്നെ ഉത്തരവിട്ടതാണ്. ഉത്തരവു നിലനില്‍ക്കെ തന്നെയാണ് പുതിയ ഓരോ രേഖകള്‍ വീണ്ടും ആവശ്യപ്പെടുന്നത്. രേഖകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വിചാരണ നടപടികളുമായി മുന്നോട്ടു പോവാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടു ദിലീപ് സര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it