Flash News

യുവനടിയെ ആക്രമിച്ച കേസ്‌ : രണ്ടു പ്രതികളുടെ ജാമ്യഹരജി തള്ളി



കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  കേസിലെ രണ്ടും ആറും പ്രതികളായ കൊരട്ടി തിരുമുടിക്കുന്ന് പാവതുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (24),തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍  പ്രദീപ് (23) എന്നിവര്‍  സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്നും  സാക്ഷിയെ സ്വാധീനിക്കുവാനും തെളിവ് നശിപ്പിക്കാനും നടിയെ ചിത്രീകരണ സ്ഥലത്ത് ശല്യം ചെയ്യാനും സമാനകുറ്റം ഇനിയും ചെയ്യാനുമിടയുണ്ടെന്നും കോടതി ജാമ്യ ഹരജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ നിയമപ്രകാരം കിട്ടാവുന്ന ജാമ്യവും നല്‍കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ ഇവര്‍ അന്വേഷണത്തില്‍ ഇടപെടാനും വഴിയൊരുക്കും. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, ഭീഷണി, കുറ്റകരമായ ഗൂഢാലോചന എന്നിവയും വിവര സാങ്കേതികനിയമപ്രകാരം സ്ത്രീയുടെ സ്വകാര്യതയെ ഭംഗപ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍ത്തുക, ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അവ പ്രചരിപ്പിക്കുക എന്നീ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
Next Story

RELATED STORIES

Share it