malappuram local

യുവതി കുത്തേറ്റു മരിച്ച സംഭവം; ഭര്‍ത്താവ് പോലിസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: കുടുംബ വഴക്കിനിടെ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലിസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍. സംഭവശേഷം വീടിനകത്തെ മുറിയില്‍ അവശനായി കണ്ട ഭര്‍ത്താവ് വെട്ടത്തൂര്‍ കാര തോരക്കാട്ടില്‍ പഴംതോട്ടുങ്ങല്‍ ചന്ദ്രനെ (47) പോലിസ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇയാളുടെ ഭാര്യ സരോജിനി (44) കുത്തേറ്റു മരിച്ചത്. വീട്ടില്‍ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇവരെ കുത്തേറ്റ നിലയില്‍ കാണുകയായിരുന്നു. വയറില്‍ പൊക്കിളിനു വലത് ഭാഗത്തായും വലതു കൈയ്യിനുതാഴെയായി മുതുകിലുമാണ് കുത്തേറ്റത്. നാട്ടുകാര്‍ ഉടന്‍ പെരിന്തല്‍മണ്ണയിലെ ജില്ലാശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഭര്‍ത്താവ് ചന്ദ്രനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഇദ്ദേഹത്തെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇദ്ദേഹം, അമിത അളവില്‍ മരുന്ന് കഴിച്ചതാണ് അബോധാവസ്ഥയ്ക്ക് കാരണമായതെന്ന് പോലിസ് പറഞ്ഞു.  മേലാറ്റൂര്‍ എസ്‌ഐ പി കെ അജിത്തിനാണ് അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it