യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; വയനാട് ജില്ലാ ആശുപത്രി വീണ്ടും വിവാദങ്ങളിലേക്ക്

മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയില്‍ നിന്നു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അടുത്തിടെ ഇത് മൂന്നാം തവണയാണ് ആംബുലന്‍സില്‍ പ്രസവം നടക്കുന്നത്. പുല്‍പ്പള്ളി പാക്കം ദാസനക്കര കോളനിയിലെ ലാലുവിന്റെ ഭാര്യ ദേവി (26) ആണ് കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ പ്രസവിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെതുടര്‍ന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് പോവും വഴി കമ്പളക്കാട് വച്ചാണ് യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. 1.600 ഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും അരപ്പറ്റ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജില്ലാ ആശുപത്രിയില്‍ മുമ്പും ഇത്തരം സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും പരിചയ സമ്പന്നരായ രണ്ട് സ്റ്റാഫ് നഴ്‌സുമാരെ ആംബുലന്‍സില്‍ അയച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ റോഡുപരോധിച്ചു. അരമണിക്കൂറിന് ശേഷം സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് വാളാട് എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത ആംബുലന്‍സില്‍ പ്രസവിക്കുകയും മൂന്ന് നവജാത ശിശുക്കള്‍ മരണപ്പെടുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
ഫെബ്രുവരിയില്‍ പുല്‍പ്പള്ളി ചാമക്കര കോളനിയില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയയും ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലാണ് മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടി വന്നത്. ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് മേപ്പാടി വിംസ് ആശുപത്രിയുമായി ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജില്ലാ ആശുപത്രിയെ വീണ്ടും വിവാദത്തിലേക്ക് എത്തിക്കുകയാണ്.
Next Story

RELATED STORIES

Share it